പ്രമുഖ നടൻ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമായ ‘മായൻ ചാപ്റ്റർ 1’ന്റെ ഔദ്യോഗിക സംഗീതാവകാശം അന്താരാഷ്ട്ര സംഗീത ഭീമന്മാരായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് കരസ്ഥമാക്കി. നീണ്ട
13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ ആഗോള കമ്പനി ഒരു മലയാള സിനിമയുടെ മ്യൂസിക് റൈറ്റ്സ് ഏറ്റെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനുമുമ്പ് 2013ലായിരുന്നു യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് അവസാനമായി ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയത്.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം വരുന്ന ഡിസംബർ 3ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്.
നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ജിതിൻ കെ.
ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനൊപ്പം പ്രമുഖ സംവിധായകൻ റാഫിയും ചേർന്നാണ്. നൈല ഉഷ നായികയായെത്തുന്ന ഈ ചിത്രത്തിൽ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെ ടീസറും മറ്റ് പ്രൊമോഷണൽ മെറ്റീരിയലുകളും ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈസൽ അലി ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകറാണ്.
നിഗൂഢതകൾ നിറഞ്ഞ ഒരു മിസ്റ്ററി ത്രില്ലറായിട്ടാണ് ‘മായൻ ചാപ്റ്റർ 1’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

