കോഴിക്കോടിന്റെ കായിക ലോകത്തിന് വലിയ നഷ്ടമായി പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് (86) അന്തരിച്ചു. മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
കായിക മാധ്യമ രംഗത്ത് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. 1982 മുതൽ 2014 ലെ ബ്രസീൽ ലോകകപ്പ് ഉൾപ്പെടെ എട്ട് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അദ്ദേഹം നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫുട്ബോൾ ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ലോക ഫുട്ബോളിലെ ഇതിഹാസ താരമായ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളും, 2006 ലെ ലോകകപ്പ് ഫൈനലിൽ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവവും അദ്ദേഹം നേരിൽ കണ്ട് റിപ്പോർട്ട് ചെയ്തു.
മാധ്യമപ്രവർത്തനത്തിന് പുറമെ മികച്ചൊരു ഫുട്ബോൾ താരം കൂടിയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ പ്രാദേശിക ഫുട്ബോളിൽ തിളങ്ങിനിന്ന കാലത്ത് യങ്ങ് ചാലഞ്ചേഴ്സ് ക്ലബിന്റെ ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോടിന്റെ കായിക ചരിത്രത്തിൽ ഇടംനേടിയ നാഗ്ജി ഫുട്ബോൾ ടൂർണ്ണമെന്റിൽ നിരവധി തവണ അദ്ദേഹം പന്തുതട്ടിയിട്ടുണ്ട്. ഫുട്ബോൾ ഇതിഹാസം പെലെയെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ച അപൂർവ്വ ഭാഗ്യവും അദ്ദേഹത്തിനുണ്ടായി.
പെലെ നൽകിയ ഓട്ടോഗ്രാഫ് ഇന്നും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ബോബി മൂർ, ബോബി ചാർട്ടൺ, പീറ്റർ ഷിൽട്ടൺ തുടങ്ങി ലോകപ്രശസ്തരായ നിരവധി ഫുട്ബോൾ താരങ്ങളുടെ അഭിമുഖങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിൽ പൊതുമരാമത്ത് വകുപ്പിൽ (PWD) സിവിൽ എൻജിനീയർ ആയിരുന്നു. സാഹിത്യ-ചലച്ചിത്ര രംഗത്തും അദ്ദേഹം തന്റെ സാന്നിയറിയിച്ചു.
‘ജോഗോ ബോണീറ്റ’, ‘മനസുകൾ സാഗരങ്ങൾ’ തുടങ്ങിയ ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചു. 1972-ൽ പുറത്തിറങ്ങിയ ‘ഫുട്ബോൾ ചാമ്പ്യൻ’ എന്ന ചലച്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിക്കുന്നത് നാളെ വൈകിട്ട് ആറിന് മാവൂർ റോഡ് ശ്മശാനത്തിലാണ്.

