പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ 38 കാരനായ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരാൾക്ക് വെട്ടേൽക്കുകയും ചെയ്തു.
വടകരപ്പതി പരിശിക്കൽ എരുമക്കാര വീട്ടിൽ ജെ.ജയിംസ് രാജ്കുമാർ ആണ് മരണപ്പെട്ടത്. തലയേറ്റി Gടിയ ഗുരുതര പരിക്കാണു മരണകാരണമെന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
ജയിംസിന്റെ വെട്ടേറ്റ ബന്ധുവായ വടകരപ്പതി വലിയ കള്ളിയമ്പാറ ജെ.ജോണി പ്രവീൺ (35) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിംസും പിതൃസഹോദരിയുടെ മകനായ പ്രവീണും തമ്മിൽ മുൻപും പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ പ്രവീണിന്റെ സുഹൃത്തും ജയിംസുമായുണ്ടായ വാക്കുതർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. ഇതിന്റെ തുടർച്ചയായി ജയിംസും പ്രവീണും തമ്മിലും തർക്കങ്ങളുണ്ടായി.
രാത്രിയോടെ പരിശിക്കലുള്ള സ്വന്തം വീട്ടിലെത്തിയ ജയിംസ്, വടിവാളും മുളകുപൊടി കലക്കിയ വെള്ളം നിറച്ച കുപ്പിയുമായി പ്രവീണിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വടിവാളുമായി ജയിംസ് വരുന്നുണ്ടെന്നും ആരും പുറത്തിറങ്ങരുതെന്നും ജയിംസിന്റെ അമ്മ പ്രവീണിനെ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് പ്രവീൺ തന്റെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. പ്രവീണിന്റെ വീട്ടിലെത്തിയ ജയിംസ്, പ്രവീണിന്റെയും ഭാര്യയുടെയും മുഖത്തേക്ക് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും തുടർന്ന് വടിവാൾ ഉപയോഗിച്ച് പ്രവീണിനെ വെട്ടുകയും ചെയ്തു.
ഈ സമയം പ്രവീണിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കളും നാട്ടുകാരിൽ ചിലരും ചേർന്ന് ജയിംസിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശനിലയിലായ ജയിംസിനെയും കൂടെയുണ്ടായിരുന്ന മക്കളെയും അമ്മയെയും പൊലീസ് ജീപ്പിലാണ് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ ഏഴരയോടെ മരണം സംഭവിക്കുകയായിരുന്നു. തിരുപ്പൂരിൽ പെയിന്റിങ് തൊഴിലാളിയായ ജയിംസ് മാസത്തിലൊരിക്കൽ മാത്രമാണ് നാട്ടിലെത്താറുള്ളത്.
ജയിംസിന്റെ മൂന്ന് മക്കൾ അമ്മയോടൊപ്പമാണ് താമസം. ഭാര്യ നിലവിൽ മാറിത്താമസിക്കുകയാണ്.
സംഭവസ്ഥലത്തുനിന്നും വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും മുളകുപൊടി വെള്ളവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിൽ ജയിംസിന്റെ ബൈക്കും തകർന്ന നിലയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് സിഐ എസ്.രജീഷ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

