പരുമല പരിശുദ്ധ പരുമല തിരുമേനിയുടെ 124–ാം ഓർമപ്പെരുന്നാൾ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്ന റാസയോടുകൂടിയാണ് പെരുന്നാൾ ചടങ്ങുകൾക്ക് തിരശീല വീണത്.
സമാപന സമ്മേളനത്തിൽ ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സമാപന സന്ദേശം നൽകി. ആഘോഷച്ചടങ്ങുകൾക്ക് വൈദിക ട്രസ്റ്റി ഫാ.ഡോ.
തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ യാക്കോബ് റമ്പാൻ, അസി. മാനേജർമാരായ ജെ.മാത്തുക്കുട്ടി, ഫാ.ഗീവർഗീസ് മാത്യു, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, ഫാ.കെ.വി.
ജോൺ, ഫാ.വർഗീസ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. പെരുന്നാളിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ നടന്ന വിശുദ്ധ കുർബാനയ്ക്ക് യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ് എന്നിവർ കാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു. കുർബാനയ്ക്ക് ശേഷം കാതോലിക്കാ ബാവാ വിശ്വാസികൾക്ക് ആശീർവാദവും വാഴ്വും നൽകി.
അതേസമയം, പരിശുദ്ധ പരുമല തിരുമേനിയുടെ 125-ാം ഓർമപ്പെരുന്നാൾ അതീവ വിപുലമായ രീതിയിൽ ആചരിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ തീരുമാനിച്ചിട്ടുണ്ട്. 2028 നവംബർ വരെ നീണ്ടുനിൽക്കുന്ന ചരമ ശതോത്തര രജത ജൂബിലിയുടെ ഔദ്യോഗിക പ്രഖ്യാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു.
ജൂബിലി വർഷത്തിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികൾ സംബന്ധിച്ച് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസും മറ്റ് സഭാ സമിതികളും ചേർന്ന് കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

