സിനിമയെ വെല്ലുന്ന നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ വൻ ബാങ്ക് കൊള്ളയടി സംഘം പിടിയിൽ. ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും ചേർന്നു പിന്തുടർന്നു പിടികൂടുകയായിരുന്നു.
17 കിലോമീറ്റർ ദൂരം നീണ്ട മത്സരയോട്ടത്തിനൊടുവിലാണു നാലംഗ സംഘം കുടുങ്ങിയത്.
പിടിയിലായവരിൽ മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ശങ്കർ ജാസക് ഉൾപ്പെടുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണു ജൽഗാവ് ഭോക്കറിലെ ദേശസാൽകൃത ബാങ്കിൽ കവർച്ച നടന്നത്.
ഹെൽമറ്റ് ധരിച്ചെത്തിയ നാലംഗ സംഘം തോക്കുചൂണ്ടി സുരക്ഷാ ജീവനക്കാരനെയും ക്ലാർക്കിനെയും തടഞ്ഞുവയ്ക്കുകയാണുണ്ടായത്. തുടർന്നു ജീവനക്കാരെ ഓരോരുത്തരെയായി ടേപ് കൊണ്ടു ബന്ധിച്ചു തറയിലിരുത്തി.
ചെറുക്കാൻ ശ്രമിച്ച ജീവനക്കാരനു നേരെ പ്രതികൾ വെടിയുതിർത്തെങ്കിലും ഭാഗ്യവശാൽ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് ഭീതിപരത്തിയ ശേഷം സ്വർണവും പണവും ചാക്കിലാക്കിയ കവർച്ചക്കാർ ബൈക്കുകളിലാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
കെട്ടഴിച്ചു പുറത്തിറങ്ങിയ രണ്ട് ബാങ്ക് ജീവനക്കാരാണ് ഈ വിവരം ഉടൻ തന്നെ നാട്ടുകാരെ അറിയിച്ചത്. പിന്നാലെ പൊലീസിനെയും ജനപ്രതിനിധികളെയും വിവരം അറിയിക്കുകയും ചെയ്തു.
വൻകൊള്ള സംബന്ധിച്ച വാർത്ത നിമിഷങ്ങൾക്കകം പ്രദേശത്താകെ പടർന്നുപിടിച്ചു. വിവിധ വാഹനങ്ങളിൽ പലവഴികളിലായി കവർച്ചക്കാരെ പിന്തുടർന്ന നാട്ടുകാരും പൊലീസും ഇടവഴികളിൽ ഉൾപ്പെടെ ശക്തമായ കാവൽ ഏർപ്പെടുത്തി.
അറസ്റ്റിലായ മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ശങ്കർ ജാസക് മറ്റൊരു ബാങ്ക് കവർച്ചക്കേസിൽ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. പിടിയിലായ മറ്റൊരാൾ വധശ്രമക്കേസിലെ പ്രതിയാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികളിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട മുഴുവൻ സ്വർണവും പണവും പൂർണ്ണമായി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

