ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് സൂപ്പർ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നീണ്ട
14 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് 38കാരനായ താരം ഔദ്യോഗികമായി വിരാമമിട്ടിരിക്കുന്നത്. കരിയറിന് പൂർണ്ണവിരാമം ഇടുന്നതിന്റെ ഭാഗമായി, വിക്ടോറിയയ്ക്ക് വേണ്ടിയുള്ള ആഭ്യന്തര ഏകദിന, ചതുര്‍ദിന മത്സരങ്ങളിൽ നിന്നും മാക്സ്വെൽ മുൻപ് തന്നെ പിന്മാറിയിരുന്നു.
2025 ജൂണില്‍ ഏകദിനങ്ങളിൽ നിന്ന് വിരമിച്ച താരത്തിന്, പിന്നീട് ഓസ്ട്രേലിയൻ ടി20 ടീമിലും സ്ഥിരസാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതിനെത്തുടർന്നാണ് മുഴുവൻ ഫോർമാറ്റുകളിലെയും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പടിയിറങ്ങാൻ താരം തീരുമാനിച്ചത്.
2026 ഏപ്രിലിൽ ക്രിക്കറ്റ് ഓസ്ട്രേലിയ മാക്സ്വെല്ലിനെ വാര്‍ഷിക കരാറിൽ നിന്ന് ഒഴിവാക്കിയിരുന്നു. തൊട്ടുപിന്നാലെ നടന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടി20 ടീമിൽ നിന്നും അദ്ദേഹത്തെ തഴഞ്ഞു.
ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിൽ ഒമാനെതിരായ സൂപ്പർ 8 പോരാട്ടമാണ് ഓസ്ട്രേലിയക്കായി മാക്സ്വെൽ കളിച്ച അവസാന അന്താരാഷ്ട്ര മത്സരം. രാജ്യത്തിനായി 286 മത്സരങ്ങളിൽ പാഡണിഞ്ഞ താരം മൊത്തത്തിൽ 7,226 റൺസും 136 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ഇതിൽ 149 ഏകദിനങ്ങളിൽ നിന്ന് 3,990 റൺസും, 130 ടി20 മത്സരങ്ങളിൽ നിന്ന് 2,897 റൺസും, ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 339 റൺസുമാണ് മാക്സ്വെവെല്ലിന്റെ സമ്പാദ്യം. ഓസ്ട്രേലിയയുടെ മൂന്ന് ലോകകപ്പ് കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച മാക്സ്വെല്, 2015, 2023 ഏകദിന ലോകകപ്പുകളും 2021-ലെ ടി20 ലോകകപ്പും ഉയർത്തിയ ഓസീസ് ടീമിൽ അംഗമായിരുന്നു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരമാണ് മാക്സ്വെല്ലിന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന അവിസ്മരണീയ പ്രകടനം. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 91 റൺസിന് 7 വിക്കറ്റ് നഷ്ടപ്പെട്ട് വൻ തകർച്ചയെയും തോൽവിയെയും അഭിമുഖീകരിച്ചിരുന്നു.
എന്നാൽ കടുത്ത പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും വകവെക്കാതെ ക്രീസിൽ ഉറച്ചുനിന്ന മാക്സ്വെൽ, 128 പന്തുകളിൽ നിന്ന് 21 ഫോറുകളും 10 സിക്സറുകളും സഹിതം പുറത്താകാതെ 201 റൺസ് അടിച്ചുകൂട്ടി ഓസ്ട്രേലിയയെ അവിശ്വസനീയ വിജയത്തിലേക്ക് കൈപിടിച്ചുയർത്തി. നായകൻ പാറ്റ് കമിൻസിനൊപ്പം ചേർന്ന് പുറത്താകാത്ത 202 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് തീർത്ത മാക്സ്വെല്, ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരമെന്ന ചരിത്രനേട്ടവും അന്ന് സ്വന്തമാക്കിയിരുന്നു.
രാജ്യാന്തര മത്സരങ്ങളോട് വിടപറഞ്ഞെങ്കിലും വിവിധ ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ മാക്സ്വെൽ തുടർന്നും സജീവമായി ഉണ്ടാകും. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാഴ്സിനായി 2026-27 സീസണിൽ താരം കളത്തിലിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

