തേഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖെഷ്ം ദ്വീപിലും സമീപ പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. യുഎസ് വ്യോമാക്രമണം നടത്തുകയും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തിരിച്ചടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഗുരുതരമായത്.
സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനെതിരെ പെട്ടെന്ന് സൈനിക നടപടി സ്വീകരിക്കാൻ തങ്ങൾക്ക് തിടുക്കമില്ലെന്നും എന്നാൽ നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ പൂർണ്ണമായും അടച്ചിട്ടില്ലെന്നും വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ ഇറാന്റെ സമ്പദ്വ്യവസ്ഥയെയും സാമ്പത്തിക ശേഷിയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ യുഎസിലെ ഉന്നത ഭരണാധികാരികൾക്കിടയിൽ ഭിന്നാഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ഉപരാഷ്ട്രപതി ജെ.ഡി വാൻസ്, വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ നയതന്ത്ര ചർച്ചകളെ അനുകൂലിക്കുമ്പോൾ, ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ കടുത്ത സൈനിക നടപടിക്ക് വേണ്ടി വാദിക്കുന്നു.
ഇതിനിടെ, സാമ്പത്തിക ഉപരോധം കൂടുതൽ ശക്തമാക്കണമെന്നാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ളവരുടെ നിർദ്ദേശം. അതേസമയം, നിലവിലെ സംഘർഷം ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഖത്തർ സജീവമായ ഇടപടലുകൾ നടത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ആശ്വാസ നടപടികൾ ഉൾക്കൊള്ളുന്ന സമവായ നിർദ്ദേശം ഖത്തർ ഇരുരാജ്യങ്ങളുടെയും മുമ്പിൽ അവതരിപ്പിച്ചു. ചർച്ചകളുടെ പാതയിലേക്ക് തിരിച്ചുവരാൻ ചൈനയും റഷ്യയും ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിലെ ആശങ്കകൾക്ക് അയവുവന്നിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ബാരലിന് ഏകദേശം 10 ഡോളറിന്റെ കുറവാണ് ഇതേതുടർന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

