അമിതമായ സന്തോഷം, കടുത്ത സങ്കടം, ദേഷ്യം, മാനസിക സമ്മര്‍ദം തുടങ്ങിയ വൈകാരികാവസ്ഥകളില്‍ അറിയാതെയും വിശപ്പില്ലാതെയും അധികമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയാണ് ഇമോഷണല്‍ ഈറ്റിംഗ്. ശരീരത്തിന് വിശപ്പ് അനുഭവപ്പെടാതിരിക്കുമ്പോഴും വെറുതെ ഭക്ഷണം കഴിക്കാന്‍ തോന്നുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.
ഇത്തരത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും താത്ക്കാലികമായ ആശ്വാസം ലഭിക്കുന്നതായി പലര്‍ക്കും അനുഭവപ്പെടാറുണ്ട്. അതിവൈകാരിക മുഹൂര്‍ത്തങ്ങളില്‍ ഭക്ഷണത്തോടുള്ള അഭിനിപക്ഷം നിയന്ത്രിക്കാനോ വയര്‍ നിറഞ്ഞതിന് ശേഷം കഴിക്കുന്നത് നിര്‍ത്താനോ കഴിയാത്ത അവസ്ഥയാണ് ഇത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ മിക്ക ആളുകളും കൊതിക്കുന്നത് ജങ്ക് ഫുഡുകളോടായിരിക്കും എന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. ചില പ്രത്യേക മാനസിക ട്രിഗ്ഗറുകൾ വരുമ്പോഴാണ് പലരും ഭക്ഷണത്തിലൂടെ താത്ക്കാലിക ആശ്വാസം തേടുന്നത്.
പ്രധാനപ്പെട്ട ചില ട്രിഗ്ഗറുകളും അവ നേരിടാനുള്ള മാര്‍ഗങ്ങളും താഴെ പറയുന്നവയാണ്.
മാനസിക സമ്മര്‍ദം, ജോലിയ്ക്കിടെയുള്ള തളര്‍ച്ച
സമ്മര്‍ദം ഒഴിവാക്കാനായി എന്തെങ്കിലും കൊറിക്കാന്‍ എടുക്കുന്നതിന് മുന്‍പ് വെറുതെ ഒരു അഞ്ച് മിനിറ്റ് ഓഫീസിലോ പരിസരത്തോ സ്വന്തം മുറിയിലോ നടക്കാന്‍ ശ്രമിക്കുക. എന്നിട്ടും നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ മാത്രം എന്തെങ്കിലും കഴിക്കാന്‍ തിരഞ്ഞെടുക്കുക.
നല്ല സന്തോഷം തോന്നിയാല്‍
ആഘോഷങ്ങള്‍ എന്നാല്‍ ഭക്ഷണം കഴിക്കല്‍ മാത്രമാണെന്ന് കരുതരുത്. എങ്കിലും വല്ലപ്പോഴും ലഭിക്കുന്ന സന്തോഷകരമായ മുഹൂര്‍ത്തങ്ങളില്‍ അമിതമായി ഭക്ഷണം കഴിച്ചുപോയാല്‍ പിന്നീട് കുറ്റബോധം തോന്നേണ്ടതില്ല.
എന്നാല്‍, ബോധമില്ലാതെ കഴിക്കുന്നതിന് പകരം സമയമെടുത്ത് ഓരോ സ്പൂണും ആസ്വദിച്ച് കഴിക്കുക. വയര്‍ പൂര്‍ണ്ണമായി നിറയുന്നതിന് മുന്‍പ് കഴിക്കുന്നത് നിര്‍ത്താന്‍ ശ്രമിക്കുക.
ഒറ്റപ്പെടല്‍, സങ്കടം
ഭക്ഷണത്തിനായി അടുക്കളയിലേക്ക് പോകുന്നതിന് മുന്‍പ് കുടുംബാംഗങ്ങളോട് സ്നേഹത്തോടെ സംസാരിക്കാന്‍ ശ്രമിക്കുക. വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയോടൊപ്പം സമയം ചെലവഴിക്കുക.
പഴയൊരു സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിക്കുക. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് പ്രൊഫഷണലുകളുടെ സഹായം തേടേണ്ടതാണ്.
ബോറടിച്ചാല്‍
ഭക്ഷണം കഴിക്കാന്‍ എടുക്കുന്നതിന് മുന്‍പ് സ്വയം ഒരു ചോദ്യം ചോദിക്കുക. കഴിക്കുന്നത് യഥാര്‍ത്ഥത്തില്‍ വിശന്നിട്ടാണോ അതോ വെറുതെ ഇരുന്ന് ബോറടിച്ചിട്ടാണോ എന്ന് ചിന്തിക്കുക.
ബോറടിയാണ് പ്രശ്നമെങ്കില്‍ അതിനുള്ള മറ്റ് പരിഹാരങ്ങള്‍ കണ്ടെത്തുക. പണ്ടുമുണ്ടായിരുന്ന ഏതെങ്കിലും ഹോബികള്‍ വീണ്ടും പുനരാരംഭിക്കുന്നത് ഈ അവസ്ഥയ്ക്ക് നല്ലൊരു പരിഹാരമാണ്.
ക്ഷീണം, ഉറക്കക്കുറവ്
ആവശ്യത്തിന് ഉറങ്ങാതെ, ആ ക്ഷീണം മാറ്റാനായി കോഫിയും മറ്റ് മധുരപലഹാരങ്ങളും കഴിക്കുന്നത് വലിയൊരു തെറ്റാണ്. സമയം കിട്ടുന്ന മുറയ്ക്ക് ക്ഷീണമകറ്റാന്‍ ഒരു ചെറിയ ഉറക്കമെങ്കിലും (പവര്‍ നാപ്പ്) എടുക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

