തിരുവനന്തപുരം: കോടികളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച റോഡ് പണി പൂർത്തീകരിക്കാതെ കരാറുകാരൻ മുങ്ങിയതോടെ, നാട്ടുകാർ സ്വന്തം നിലയിൽ നിർമാണം പൂർത്തിയാക്കി മാതൃകയായി. കാട്ടാക്കട പഞ്ചായത്തിലെ പനയങ്കോട് വാർഡിൽ മേച്ചിറ ജംഗ്ഷനിലാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ പണി അപൂർണ്ണമായി കിടന്നതിനെ തുടർന്ന് ജനങ്ങൾ നേരിട്ടിറങ്ങി രംഗത്തെത്തിയത്.
നിരവധി സ്കൂൾ വാഹനങ്ങളും ബസുകളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ദിനേന ആശ്രയിക്കുന്ന പ്രധാന പാതയാണിത്. കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ട
പ്രദേശത്ത് പണി നിലച്ചതോടെ കാൽനടയാത്ര പോലും അസാധ്യമായ സാഹചര്യമായിരുന്നു. മൂന്ന് വർഷത്തോളമാണ് ഈ ദുരിതം പ്രദേശവാസികൾ അനുഭവിച്ചത്.
വിവിധ അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടാകാതെ വന്നതോടെയാണ് നാട്ടുകാർ കൈകോർത്തത്. തുടർന്ന് നാട്ടുകാർ ചേർന്ന് ഒരു ലക്ഷത്തിൽപരം രൂപ സ്വരൂപിച്ച് റോഡ് കോൺക്രീറ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് നടന്ന നിർമാണത്തിന്റെ ഉദ്ഘാടനം പ്രദേശത്തെ താമസക്കാരനായ തെങ്ങുകയറ്റ തൊഴിലാളി മനോഹരൻ വെട്ടുകത്തി കൊണ്ട് നാട മുറിച്ച് നിർവഹിച്ചു.
അതേസമയം, മണലി – മൂങ്ങോട് റോഡിന്റെ പണികളും ഇനിയും പൂർത്തിയാകാനുണ്ട്. എത്രയും പെട്ടെന്ന് ബന്ധപ്പെട്ട
അധികാരികൾ ഇടപെട്ട് അപൂർണ്ണമായ പണികൾ പൂർത്തീകരിക്കണമെന്നും ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

