തിരുവനന്തപുരം ശ്രീകാര്യത്ത് 17കാരനായ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിതിരിവ്.
കൊലപ്പെടുത്താൻ ഉദ്ദേശിച്ചത് അഭിരാമിനെ അല്ലെന്നും, മറ്റൊരു സുഹൃത്തിനെയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നുമാണ് പ്രതിയുടെ പുതിയ വെളിപ്പെടുത്തൽ. സുഹൃത്തിനെ വിളിച്ചുവരുത്താൻ അഭിരാമിനെ ഉപാധിയാക്കുകയായിരുന്നുവെന്നും, ഇതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി മൊഴി നൽകി.
ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം രക്ഷിതാവിനൊപ്പം വിട്ടയച്ചിരുന്നു.
തുടർന്ന് ഇന്ന് ഉച്ചയോടെ വീണ്ടും വിളിച്ചുവരുത്തി നടത്തിയ കർശന ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചതും മൃതദേഹം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തിയതും. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയും പ്രതിയുമായി തെളിവെടുപ്പ് നടത്തുകയും ചെയ്തു.
അഭിരാം ഇൻസ്റ്റഗ്രാം വഴി നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയിരുന്നതായും, ഈ വിഷയം പെൺകുട്ടി തന്റെ ആൺസുഹൃത്തിനോട് പരാതിപ്പെട്ടതിനെ തുടർന്നുമാണ് അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് എന്നായിരുന്നു ആദ്യഘട്ടത്തിൽ ലഭിച്ച മൊഴി. എന്നാൽ ഈ മൊഴി തിരുത്തിക്കൊണ്ട്, പെൺകുട്ടിയോട് മോശമായി പെരുമാറിയത് അഭിരാമല്ലെന്നും മറിച്ച് അഭിരാമിന്റെ മറ്റൊരു സുഹൃത്താണെന്നുമാണ് പ്രതി ഇപ്പോൾ വ്യക്തമാക്കുന്നത്.
യഥാർത്ഥ പ്രതിയെ വിളിച്ചുവരുത്താൻ അഭിരാമിനെ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും, തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന പുതിയ മൊഴി. എങ്കിലും പ്രതിയുടെ ഈ മൊഴികൾ പൂർണ്ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്.
ഇന്ന് വൈകുന്നേരത്തോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ അഭിരാമിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. നിലവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും ഉമർ എന്നയാളും ഉൾപ്പെടെ മൂന്ന് പേരാണ് ഈ കേസിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

