കേരളപ്പിറവി ദിനത്തിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ മലപ്പുറം എഫ്സിക്കെതിരെ കാലിക്കറ്റ് എഫ് സിക്ക് തകർപ്പൻ വിജയം. മലപ്പുറത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ഗോൾമഴ കണ്ട
മത്സരത്തിൽ 6-2 എന്ന സ്കോറിനാണ് സന്ദർശകരുടെ വിജയം. ഫെഡറിക്കോ ബുവാസോ, ലിയോ ഡേവിഡ് എന്നിവർ മത്സരത്തിൽ രണ്ട് ഗോൾ വീതം നേടി മികച്ച പ്രകടനം പുറത്തെടുത്തു.
അലക്സിസ് സോസ, കാൽവിൻ തോമസ് എന്നിവർ ഓരോ ഗോളും സ്വന്തമാക്കി. മലപ്പുറത്തിന്റെ ആശ്വാസ ഗോളുകൾ ക്യാപ്റ്റൻ അമദു സുക്കൂന, ഹാദിച്ച് എന്നിവരാണ് നേടിയത്.
ആറ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 14 പോയന്റുമായി കാലിക്കറ്റ് വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എട്ട് പോയന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്ത് തുടരുന്നു.
തുക്കം മുതൽ കാലിക്കറ്റിന്റെ ആധിപത്യം കണ്ട മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന അഞ്ച് മിനിറ്റിലാണ് മത്സരത്തിന്റെ ഗതിമാറ്റിയ നിർണായക സംഭവങ്ങൾ അരങ്ങേറിയത്.
മലപ്പുറത്തിന്റെ പ്രതിരോധ നിരയെ തകർത്ത് മിന്നൽ വേഗത്തിലാണ് കാലിക്കറ്റ് ഈ സമയത്ത് മൂന്ന് ഗോളുകൾ അടിച്ചു കയറ്റിയത്. 40-ാം മിനിറ്റിൽ കാൽവിൻ തോമസ് ഓടിപ്പിടിച്ച പന്ത് ലക്ഷ്യത്തിലെത്തിച്ച് അക്കൗണ്ട് തുറന്നു (1-0).
രണ്ട് മിനിറ്റിന് ശേഷം കോർണർ കിക്കിൽ നിന്ന് അലക്സിസ് സോസ രണ്ടാം ഗോൾ നേടി (2-0). 45-ാം മിനിറ്റിൽ ലിയോ ഡേവിഡ് മലപ്പുറം പോസ്റ്റിലേക്ക് ടീമിന്റെ മൂന്നാം ഗോളും നിക്ഷേപിച്ചു (3-0).
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ മലപ്പുറത്തിന്റെ ഭാഗത്തുനിന്ന് മികച്ച മുന്നേറ്റമുണ്ടായിരുന്നു. ഇടതുവിങ്ങിലൂടെ നടത്തിയ വേഗതയേറിയ നീക്കത്തിൽ ബിലാലിന്റെ പാസ് സ്വീകരിച്ച് മെഹ്ദി തൊടുത്ത ഷോട്ട് പുറത്തേക്ക് പോയി.
20-ാം മിനിറ്റിൽ വാക്കുതർക്കത്തെ തുടർന്ന് മലപ്പുറത്തിന്റെ അബ്ദുൽ ഹക്കു, ഡാനിയൽ ലാലാംപൂയ കാലിക്കറ്റിന്റെ അലക്സിസ് സോസ എന്നിവർ മഞ്ഞക്കാർഡ് കണ്ടു. 31-ാം മിനിറ്റിൽ പരിക്കേറ്റ കാലിക്കറ്റ് ക്യാപ്റ്റൻ മനോജ് കളം വിട്ടു.
പകരക്കാരനായി അജിൻ കളത്തിലിറങ്ങി. 37-ാം മിനിറ്റിൽ എൽഫോർസിയുടെ ത്രൂബോൾ സ്വീകരിച്ച് മുന്നേറിയ ഡാനിയൽ ലാലാംപൂയ പായിച്ച ഷോട്ട് കാലിക്കറ്റ് പ്രതിരോധം കോർണർ വഴങ്ങി രക്ഷിച്ചു.
രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ കാലിക്കറ്റിന്റെ നാലാം ഗോൾ പിറന്നു. ബോക്സിന് പുറത്തു നിന്നുള്ള ഫെഡറിക്കോ ബുവാസോയുടെ കരുത്തുറ്റ ഷോട്ട് മലപ്പുറം ഗോളി ധീരജ് സിംഗിന് തടയാനായില്ല (4-0).
തൊട്ടടുത്ത മിനിറ്റിൽ മലപ്പുറം ക്യാപ്റ്റൻ അമദു സുക്കൂന റീബൗണ്ട് ബോളിലൂടെ ഒരു ഗോൾ മടക്കി (4-1). പിന്നാലെ താരം പരിക്കേറ്റ് കളം വിട്ടു.
73-ാം മിനിറ്റിൽ കാലിക്കറ്റിന്റെ അഞ്ചാം ഗോൾ എത്തി. ഇടതുവിങിൽ നിന്ന് ലിയോ ഡേവിഡ് പായിച്ച കർവിങ് ഷോട്ട് മലപ്പുറത്തിന്റെ പോസ്റ്റിൽ കയറി (5-1).
79-ാം മിനിറ്റിൽ മനോഹരമായ പ്ലേസിങ് ഗോളിലൂടെ ഫെഡറിക്കോ ബുവാസോ സ്കോർ 6-1 ആക്കി ഉയർത്തി. തുടർന്ന് ഇഞ്ചുറി സമയത്ത് മലപ്പുറം ഹാദിച്ച് ലൂടെ ഒരു ഗോൾ കൂടി തിരിച്ചടിച്ചു (6-2).
ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച (നവംബർ 6) മലപ്പുറം എഫ്സി, ഫോഴ്സ കൊച്ചി എഫ്സിയുമായി ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് വേദി.
രാത്രി 7.30 നാണ് കിക്കോഫ്. ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു ഗോളിന് കൊച്ചിക്കായിരുന്നു വിജയം.
മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല) എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ടിക്കറ്റുകൾ ഓൺലൈനായും സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിൽ നിന്നും ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

