ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിച്ചതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്.
29 ലക്ഷം രൂപയുടെ പ്രവൃത്തികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു നൽകിയത് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോൺ നിർദേശപ്രകാരമാണെന്ന് വ്യക്തമായി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ടൂറിസം ഡയറക്ടറുടെ 2017 നവംബറിലെ നടപടിക്രമങ്ങളെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുള്ളത്.
നവീകരണ ജോലികളും മേൽക്കൂര സ്ഥാപിക്കുന്നതുമായ പ്രവൃത്തികളാണ് ഒരാഴ്ചത്തെ വ്യത്യാസത്തിൽ അനുവദിച്ച് നൽകിയത്. ബന്ധപ്പെട്ട
പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോൺ കോൾ നിർദേശം. ഈ നിർദേശം കർശനമായി പാലിച്ചാണ് പ്രവൃത്തികൾ ഊരാളുങ്കലിനെ ഏൽപ്പിച്ചതെന്ന് ടൂറിസം വകുപ്പ് രേഖകളിൽ വ്യക്തമാക്കുന്നു.
ആ ഘട്ടത്തിൽ അഞ്ച് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരാണ് ഉണ്ടായിരുന്നത്. എങ്കിലും ഇവരിൽ ആരുടെ ഫോൺ നിർദേശ പ്രകാരമാണ് നടപടിയെന്ന കാര്യം ടൂറിസം വകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇതിനുപുറമെ, 2018 മുതൽ 2021 വരെയുള്ള കാലയളവിൽ നീന്തൽക്കുളത്തിന്റെ പരിപാലനത്തിനായി മാത്രം ടൂറിസം വകുപ്പ് 12.48 ലക്ഷം രൂപ അധികമായി ചെലവഴിച്ചിട്ടുണ്ട്. ഇതോടെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും കുടുംബവും നീന്തൽക്കുളം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആകെ 41.48 ലക്ഷം രൂപയുടെ ചെലവാണ് ടൂറിസം വകുപ്പിനുണ്ടായത്.
കൂടുതൽ ചെലവുകളും വിവാദങ്ങളും
2017 സെപ്റ്റംബറിൽ ഷാർജ സുൽത്താന് വിരുന്നൊരുക്കുന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസിന്റെ പുറംചുമർ പെയിന്റ് ചെയ്യാൻ 1.35 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. അടിയന്തര സാഹചര്യം മുൻനിർത്തി ടെൻഡർ വിളിക്കാതെ ഈ പ്രവൃത്തിയും ഊരാളുങ്കലിനെയാണ് ഏൽപ്പിച്ചത്.
കോഴിക്കോട്ട് നടന്ന പരിപാടിക്കെത്തിയ ഷാർജ സുൽത്താനെ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് ആവശ്യവുമായി ബന്ധപ്പെടുത്തിയാണ് ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ചതെന്ന് അന്ന് സുൽത്താനൊപ്പമുണ്ടായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പിന്നീട് ആരോപണം ഉന്നയിച്ചിരുന്നു. മറ്റ് നിർമാണ ചെലവുകൾ ഇങ്ങനെ:
2023ൽ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 39.74 ലക്ഷം രൂപയും ചാണകക്കുഴി നിർമിക്കാൻ 3 ലക്ഷം രൂപയും ചെലവായി.
തൊഴുത്തിൽ ലൈറ്റ് സ്ഥാപിച്ച വകയിൽ 3.68 ലക്ഷം രൂപയും വന്നു. 2021–26 കാലയളവിൽ ക്ലിഫ് ഹൗസിലെ ഇലക്ട്രിക്കൽ നവീകരണ പ്രവൃത്തികൾക്ക് മാത്രമായി 25.48 ലക്ഷം രൂപയാണ് ചെലവായത്.
എസി സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി മാത്രം 8 ലക്ഷം രൂപയും മുടക്കിയിട്ടുണ്ട്. പെരുവ മുളക്കുളം സൗത്ത് സ്വദേശിയായ എം.ടി.
തോമസാണ് വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ശേഖരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

