ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ നിർണായക വഴിത്തിരിവായ ദില്ലി രാംലീല മൈതാനത്ത് ഇന്ന് നടന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയിൽ കേരളത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള കേരളത്തിലെ പ്രമുഖ നേതാക്കൾ സമരമുഖത്ത് ഉടനീളം ശക്തമായ സാന്നിധ്യമറിയിച്ചു.
രാഷ്ട്രീയം മാറ്റിവെച്ച് ഒറ്റക്കെട്ടായാണ് കേരളത്തിലെ നേതാക്കൾ ഈ ചരിത്രപരമായ റാലിയിൽ അണിനിരന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൻ കെ പ്രേമചന്ദ്രൻ, ജോസ് കെ മാണി, ഇ ടി മുഹമ്മദ് ബഷീർ തുടങ്ങിയ പ്രമുഖരെല്ലാം സമരത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
ഒപ്പം ഇടതുപക്ഷ സംഘടനകളുടെ വലിയൊരു നിര പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ്, മുസ്ലിം ലീഗ് യുവജന സംഘടനകളുടെ പ്രവർത്തകർ പുലർച്ചെ മുതൽ തന്നെ രാംലീല മൈതാനത്ത് എത്തിച്ചേർന്നിരുന്നു.
രാവിലെ എട്ടുമണിയോടെ സി പി എം – എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള ആദ്യ റാലിയെത്തി. തുടർന്ന് എട്ടരയോടെ സി പി ഐ, സി പി എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക ജാഥയും പത്തരയോടെ വേദിയിലെത്തിച്ചേർന്നു.
രാവിലെ കേരള ഹൗസിൽ നിന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ, ഉച്ചയോടെ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കൊപ്പം തുറന്ന വാഹനത്തിലാണ് രാംലീല മൈതാനത്തേക്ക് യാത്ര തിരിച്ചത്. മാധ്യമങ്ങളുടെ നിരന്തരമായ ചോദ്യങ്ങളോട് മുഖ്യമന്ത്രി പുഞ്ചിരിയോടെയായിരുന്നു പ്രതികരിച്ചത്.
രാഷ്ട്രീയം മാറ്റിവെച്ച് ഈ സമരം കേരളത്തിലേക്കടക്കം വ്യാപിപ്പിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സമരത്തിലെ ഇടതുപക്ഷ പാർട്ടികളുടെ പങ്ക് അനിഷേധ്യമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.
വേദിയിൽ കെ സി വേണുഗോപാൽ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, എൻ കെ പ്രേമചന്ദ്രൻ, ജോസ് കെ മാണി തുടങ്ങിയ മലയാളി നേതാക്കളുടെ ശക്തമായ നിര തന്നെ റാലിയുടെ മുഖ്യ ആകർഷണമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

