കൊല്ലം ജില്ലയിലെ പ്രമുഖ കള്ളനോട്ട് കേസിൽ പുതിയ വഴിതിരിവ്. പിടിച്ചെടുത്ത പ്രിന്റർ പരിശോധിക്കാൻ കഴിയില്ലെന്നും അന്വേഷണത്തിൽ കള്ളനോട്ട് ലഭിച്ചെങ്കിൽ മാത്രം പരിശോധനയ്ക്ക് എത്താമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കൊല്ലം സിറ്റി പൊലീസ് കമ്മിഷണറെ ഔദ്യോഗികമായി അറിയിച്ചു.
എന്നാൽ പരിശോധനയ്ക്കായി നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വീണ്ടും കത്ത് നൽകാൻ തയ്യാറെടുക്കുകയാണ്. ആർബിഐയുടെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കിൽ പിടിച്ചെടുത്ത സാമഗ്രികൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം.
ഇതിനിടയിൽ, കേസിൽ അറസ്റ്റിലായ വെസ്റ്റ് കൈക്കുളങ്ങര വാടി കല്ലേലിവയൽ പുരയിടത്തിൽ സിബിയോൺ എന്നയാളുമായി ബന്ധപ്പെട്ട് ഇന്നും തെളിവെടുപ്പ് തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പള്ളിത്തോട്ടത്തിലെ ഇയാളുടെ വീട്, ബന്ധുക്കളുടെ വീടുകൾ എന്നിവടങ്ങളിലും തിമിംഗലഛർദി (ആംബർഗ്രിസ്) കണ്ടെത്തിയ വാടിയിലും പ്രതിയെ നേരിട്ടെത്തിച്ച് തെളിവെടുപ്പ് നടക്കും.
പ്രതിയായ സിബിയോണിനെയും, ഇയാളെ തട്ടിക്കൊണ്ടുപോയ കേസിലെ മറ്റൊരു പ്രതിയായ ആദർശ് ബാബുവിനെയും ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ സംയുക്തമായി തെളിവെടുപ്പിനെത്തിച്ചിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ആദർശ് ബാബുവിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.
ഇയാൾക്കായി ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നത്.
ആശ്രാമം മൈതാനത്തിനു സമീപമുള്ള ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും, മുൻപ് കുറ്റം നിഷേധിച്ചിരുന്ന ആദർശ് ബാബു സാഹചര്യത്തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. തട്ടിക്കൊണ്ടുപോകൽ കേസിൽ ആദർശ് ബാബുവിനൊപ്പമുണ്ടായിരുന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശി മനു പ്രസാദിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സിബിയോണിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നോട്ടിരട്ടിപ്പ് സംഘങ്ങളുമായും ഹവാലാ ഇടപാടുകാരുമായും പ്രതിക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
വ്യാജ നോട്ടുകൾ കാണിച്ച് സിബിയോൺ പലരിൽ നിന്നായി പണം തട്ടിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.
കൂടാതെ, ലോക്കറിൽനിന്ന് പിടിച്ചെടുത്ത തിമിംഗലഛർദി വ്യാജമാണോയെന്ന സംശയവും നിലവിലുണ്ട്. കഴിഞ്ഞ ഒക്ടോബർ 23ന് രാത്രിയിലാണ് സിബിയോണിന്റെ വീട്ടിൽനിന്ന് കള്ളനോട്ട് അച്ചടിക്കാന് ഉപയോഗിച്ച പ്രിന്ററും 500 രൂപയുടെ നോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർകെട്ടുകളും പൊലീസ് പിടിച്ചെടുത്തത്.
ഇതിനുപുറമേ 45 പവൻ സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും ആഡംബര വാച്ചുകളും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽനിന്ന് 22.480 കിലോഗ്രാം ആംബർഗ്രിസും കണ്ടെത്തുകയുണ്ടായി.
ഇത് പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ അനുമതിയോടെ വിശദമായ പരിശോധനയ്ക്കായി ചെന്നൈയിലെ വനംവകുപ്പ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ 17ാം തീയതി ആശ്രാമം ഭാഗത്തുനിന്ന് സിബിയോണിനെ തട്ടിക്കൊണ്ടുപോയതായി ഭാര്യ പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് അന്വേഷണത്തിൽ മയ്യനാട് കൂട്ടിക്കട സ്വദേശിയായ ആദർശ് ബാബു അറസ്റ്റിലായി.
പിറ്റേദിവസം സ്റ്റേഷനിൽ തിരിച്ചെത്തിയ സിബിയോൺ, തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്ന് താൻ രക്ഷപ്പെട്ടെന്നും അവർ തട്ടിയെടുത്ത സ്കൂട്ടറും സ്വർണമോതിരവും തിരികെ ലഭിച്ചെന്നും പൊലീസിന് മൊഴി നൽകി. എന്നാൽ സിബിയോണിന്റെ പെരുമാറ്റത്തിലും മൊഴികളിലും പൊരുത്തക്കേടുകൾ തോന്നിയ സ്പെഷൽ ബ്രാഞ്ച് സംഘം വിശദമായ അന്വേഷണം നടത്താൻ ശുപാർശ ചെയ്യുകയായിരുന്നു.
തുടർന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 23ന് രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നിർണായക വിവരങ്ങളും കള്ളനോട്ട് നിർമാണ സാമഗ്രികളും പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

