മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ച് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാംലീല മൈതാനത്ത് ഒത്തുകൂടാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും, രാജാജി മാർഗ് മുതൽ രാംലീല വരെ നീണ്ട
റാലി സഖ്യകക്ഷികളുടെ വൻ ശക്തിപ്രകടനമായി മാറി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെയാണ് ആവേശകരമായ മഹാറാലിക്ക് സമാപനമായത്.
കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച ഗ്യാനേഷിന് ജയിലിൽ പോകേണ്ടിവരുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയെന്നും, അന്നത്തെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യറി അടക്കമുള്ള പ്രധാന സ്ഥാപനങ്ങൾ ആർ.എസ്.എസ് പിടിച്ചെടുത്തിരിക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു.
മോദിയും അമിത് ഷായും എവിടെയും പോകേണ്ടതില്ലെന്നും, നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. “ഇന്നത്തെ ഈ മഹാറാലിയിലൂടെ കേന്ദ്ര സർക്കാരിന് ഇന്ത്യൻ ജനത കൃത്യമായ സന്ദേശം നൽകി കഴിഞ്ഞു.
ഇത് ഭാരതത്തിന്റെ ശബ്ദമാണ്. ജനാധിപത്യം അവസാനിപ്പിക്കാൻ അനുവദിക്കില്ല.
ഇത് രാജ്യത്തെ ജനങ്ങളുടെ ആകെ ശബ്ദമാണ്. ഭരണഘടന ഇല്ലാതാക്കാൻ അനുവദിക്കില്ല.
നിങ്ങൾ എത്ര ശക്തരായാലും ഇന്ത്യ അതിനെ ചെറുക്കും,” രാഹുൽ ഗാന്ധി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിലും ഇ.വി.എമ്മിലുമൊക്കെ വ്യാപക അട്ടിമറിയാണ് നടന്നത്.
രാജ്യത്തെ സമ്പത്ത് അദാനിക്കും അംബാനിക്കും തീറെഴുതി നൽകിയ ഈ സർക്കാർ വിദ്യാഭ്യാസ രംഗം ഉൾപ്പെടെ സകല മേഖലകളും തകർത്തു തരിപ്പണമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നിന്നും പ്രധാന നേതാക്കൾ തുറന്ന വാഹനങ്ങളിലാണ് രാംലീല മൈതാനത്തേക്ക് എത്തിയത്.
കൊണാട്ട് പ്ലേസിലെ മിൻറോ റോഡ് മുതൽ നേതാക്കളുടെ വാഹനങ്ങൾക്ക് ഒപ്പം ആയിരക്കണക്കിന് പ്രവർത്തകരും അണിനിരന്നു. ഇന്ത്യാ ബ്ലോക്കിന്റെ ഐക്യം പ്രകടമാക്കിക്കൊണ്ട് മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, എം.എ.
ബേബി, ഡി. രാജ, കേരള മുഖ്യമന്ത്രി വി.ഡി.
സതീശൻ, തെലങ്കാന-ഹിമാചൽ മുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എം.പിമാർ തുടങ്ങിയ പ്രമുഖരും വൻ ജനക്കൂട്ടവും തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

