ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ ചിപ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസെൻ ഹുവാങ്സുമായി അടുത്ത ബന്ധം സ്ഥാപിച്ച് ചൈനീസ് ബിസിനസുകാരി ചാരപ്പണിയ നടത്തിയതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.
പ്രമുഖ മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ചൈന പ്രതികരിച്ചു.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേറ്റ സെന്റർ കമ്പനിയായ മെഗാസ്പീഡിന്റെ സീനിയർ എക്സിക്യൂട്ടീവാണ് ആലീസ് ഹുവാങ് എന്ന ചൈനീസ് വനിത. ചൈനാ വിഷയത്തിലുള്ള അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയപരമായ നീക്കങ്ങളെക്കുറിച്ചും എൻവിഡിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇവർ വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ട്.
എഐ ചിപ്പുകൾ വാങ്ങുന്നതിന് അമേരിക്ക ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ മറികടക്കാൻ ചൈനയെ ആലീസ് സഹായിച്ചിട്ടുണ്ടാകാം എന്നും മാധ്യമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ ഈ കണ്ടെത്തലുകൾ ഒരു വർഷം മുൻപ് തന്നെ ഡോണൾഡ് ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകളെ ഇത് പ്രതികൂലമായി ബാധിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് ട്രംപ് ഈ വിഷയം തള്ളിക്കളഞ്ഞത്. എൻവിഡിയയുടെ അത്യാധുനിക ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഗാസ്പീഡിന്റെ ഡേറ്റ സെന്ററുകൾ അലിബാബ ഉൾപ്പെടെയുള്ള പ്രമുഖ ചൈനീസ് കമ്പനികൾക്ക് വാടകയ്ക്ക് നൽകിയിരുന്നു.
മെഗാസ്പീഡ് വാങ്ങിയിട്ടുള്ള അമേരിക്കൻ നിർമിത ചിപ്പുകൾ ചൈനയിലേക്ക് നിയമവിരുദ്ധമായി കടത്തിയിട്ടുണ്ടോയെന്നും യുഎസ് ഏജൻസികൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സിംഗപ്പൂർ അധികൃതർ 2025-ൽ ആലീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

