ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപംപ്രാപിച്ചു. ‘മുരശ്’ എന്നാണ് ഈ ചുഴലിക്കാറ്റിന് നാമകരണം ചെയ്തിരിക്കുന്നത്.
ഈ വർഷം രൂപംകൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. യുദ്ധവാദ്യമായ പെരുമ്പറ എന്നാണ് ഈ വാക്കിന്റെ അർഥം.
ഈ പേര് നിർദേശിച്ചത് ഇന്ത്യയാണ്. നവംബർ 2-ഓടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറുന്ന ഇത്, നവംബർ 3-ന് രാവിലെ തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ പരമാവധി 120 കിലോമീറ്റർ വരെയും വേഗത കൈവരിക്കാൻ സാധ്യതയുള്ള ശക്തമായ ചുഴലിക്കാറ്റായാണ് ഇത് ആഞ്ഞടിക്കുക. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, ഇന്ന് മുതൽ വരുന്ന നവംബർ 4 വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലും അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മുതൽ നവംബർ 5 വരെ വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
കൂടാതെ, നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് ബാധകമായിരിക്കും. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

