രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറുകൾക്ക് 10 രൂപയാണ് കൂട്ടിയിരിക്കുന്നത്.
പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന് 2820 രൂപ നൽകേണ്ടി വരും. കൊച്ചിയിൽ ഈ വില 2840 രൂപയായാണ് ഉയർന്നിരിക്കുന്നത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1698 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിലവർധനയെന്ന് അധികൃതർ വ്യക്തമാക്കി.
തുടർച്ചയായ മൂന്നാമത്തെ മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനവുണ്ടാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയുമാണ് സിലിണ്ടറിന് വർധിപ്പിച്ചിരുന്നത്.
വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായി ഉയരുന്നത് ഹോട്ടലുകൾ അടക്കമുള്ള വ്യവസായ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും പ്രവർത്തനച്ചെലവ് ഗണ്യമായി വർധിപ്പിക്കുകയും ചെയ്യും.
ഇതിനുപുറമെ, 5 കിലോ തൂക്കമുള്ള ഫ്രീ ട്രേഡ് എൽപിജിയുടെ പുതിയ കണക്ഷൻ എടുക്കുന്നതിനുള്ള നിരക്കിലും മാറ്റം വന്നിട്ടുണ്ട്. പുതിയ കണക്ഷൻ ലഭിക്കാൻ ഇനി മുതൽ 1903 രൂപയാകും ഈടാക്കുക.
ഇത് റീഫിൽ ചെയ്യുന്നതിന് 782 രൂപ നൽകേണ്ടി വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ഇന്ധന വിലയ്ക്കൊപ്പം സിഎൻജി വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
സിഎൻജിക്ക് കിലോഗ്രാമിന് 1 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. മുംബൈയിൽ വില കിലോഗ്രാമിന് 90 രൂപയായി ഉയർന്നു.
ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസിന്റെ കണക്കുകൾ പ്രകാരം കൊച്ചിയിൽ സിഎൻജി വില കിലോയ്ക്ക് 102.50 രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

