തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി രാജ്യതലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ചിന് ഔദ്യോഗിക തുടക്കമായി. ദേശീയ പതാകകളേന്തിയെത്തിയ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി വാഹനത്തിൽ സമരവേദിയിലേക്ക് എത്തി.
റാലിയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്തിന് ചുറ്റും പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
രാവിലെ മുതൽ തന്നെ ദില്ലിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് രാഷ്ട്രീയ നേതാക്കളും അണികളും സമരവേദി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഔദ്യോഗിക വസതിയിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, വി.ഡി.
സതീശൻ എന്നിവർക്കൊപ്പം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും യോഗം ചേർന്നു. ഖർഗെയുടെ വസതിക്ക് പുറത്ത് സമാജ്വാദി പാർട്ടി പ്രവർത്തകർ ശക്തമായ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യത്തിന്റെ ഒറ്റക്കെട്ടായ ഐക്യം പ്രതിഫലിക്കുമെന്നും ന്യായത്തിനായുള്ള ഈ സമരത്തിൽ ജനങ്ങൾ ഒപ്പമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. കേരള ഹൗസിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനും മറ്റ് ജനപ്രതിനിധികളും മാർച്ചിലേക്ക് പുറപ്പെട്ടു. കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖർ എത്തിച്ചേർന്നു.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്ക് എംപിമാരും, സുർജിത് ഭവനിൽ നിന്ന് എം.വി. ഗോവിന്ദൻ, പി.
രാജീവ് തുടങ്ങിയ സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളും പ്രതിഷേധ മാർച്ചിൽ അണിനിരക്കാൻ പുറപ്പെട്ടു. കോൺഗ്രസ് ആസ്ഥാനത്തുനിന്ന് ആരംഭിച്ച റാലി മിന്റോ റോഡ് വഴിയാണ് രാംലീല മൈതാനത്തേക്ക് നീങ്ങുന്നത്.
ഇടത് പാർട്ടികളുടെയും മറ്റ് ഘടകകക്ഷികളുടെയും സജീവ പങ്കാളിത്തം സമരത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധം വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഭരണപക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും നേതാക്കൾ പ്രതികരിച്ചു. മാർച്ചിൽ പങ്കെടുക്കാനായി പി.കെ.
കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അഖിലേഷ് യാദവ്, ഫറൂഖ് അബ്ദുള്ള, ജോസ് കെ.
മാണി, ഫ്രാൻസിസ് ജോർജ്, എൻ.കെ. പ്രേമചന്ദ്രൻ, ദേവരാജൻ, ജയറാം രമേശ്, പവൻ ഖേര, ദീപദാസ് മുൻഷി തുടങ്ങിയ പ്രമുഖ നിര തന്നെ ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
രാംലീല മൈതാനത്തേക്ക് പ്രവർത്തകരുടെ വൻ തോതിലുള്ള ഒഴുളാണ് അനുഭവപ്പെടുന്നത്. മൈതാനത്തിന്റെ രണ്ടാം ഗേറ്റ് വഴി ജനങ്ങൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് നിയന്ത്രണങ്ങൾ മറികടന്ന് പ്രവർത്തകർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.
ഇത് പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിലുള്ള ഉന്തും തള്ളനും കാരണമായി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസ് രണ്ടാം നമ്പർ ഗേറ്റ് പൂർണ്ണമായി അടയ്ക്കുകയും, പ്രവേശനം മൂന്നാം നമ്പർ ഗേറ്റിലൂടെ മാത്രമായി ചുരുക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

