സംസ്ഥാനത്തെ ഡിസ്റ്റിലറികളിൽ നിന്ന് സൈനിക, അർധസൈനിക കന്റീനുകളിലേക്ക് മദ്യം നേരിട്ട് വിതരണം ചെയ്യുന്നതിനുള്ള നിയമപരമായ തടസ്സങ്ങൾ നീങ്ങുന്നു. ഇതിന്റെ ഭാഗമായി കേരള ജനറൽ സെയിൽസ് ടാക്സ് (കെജിഎസ്ടി) ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നടപടികൾ നികുതി വകുപ്പിൽ ആരംഭിച്ചു.
2022ൽ തന്നെ കേരളത്തിലെ ഡിസ്റ്റിലറികൾക്ക് സൈനിക വെയർഹൗസുകളിലേക്ക് നേരിട്ട് മദ്യം നൽകാൻ അനുവദിച്ച് എക്സൈസ് വകുപ്പ് കേരള ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ, നികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ എതിർപ്പുകാരണം ഈ ഭേദഗതി നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.
നിലവിൽ സിഎസ്ഡി (കന്റീൻ സ്റ്റോർസ് ഡിപ്പാർട്മെന്റ്), സെൻട്രൽ പൊലീസ് കന്റീനുകൾ എന്നിവയിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികളിൽ നിന്നുള്ള മദ്യമാണ് എത്തിക്കുന്നത്. കേരളത്തിൽ ഉൽപ്പാദന യൂണിറ്റുകളുള്ള ഡിസ്റ്റിലറികൾക്ക് നിലവിൽ ബെവ്കോ (ബെവറേജസ് കോർപറേഷൻ) വഴി മാത്രമെ മദ്യം വിൽക്കാൻ അനുമതിയുള്ളൂ.
ഇത്തരത്തിൽ വിൽക്കുന്ന മദ്യത്തിന് 251 ശതമാനമാണ് വിൽപന നികുതി ഈടാക്കുന്നത്. ഉയർന്ന നികുതി കാരണം മദ്യത്തിന് വൻവില നൽകേണ്ടി വരുന്നതിനാൽ കേരളത്തിലെ സൈനിക കന്റീനുകൾ പ്രാദേശിക ഡിസ്റ്റിലറികളിൽ നിന്ന് മദ്യം വാങ്ങാൻ തയ്യാറായിരുന്നില്ല.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ കന്റീനുകളിലേക്ക് മദ്യം എത്തിക്കുമ്പോൾ സർക്കാരിന് വിൽപന നികുതിയുടെ പകുതി നൽകിയാൽ മതിയാകും. കൂടാതെ ഇറക്കുമതി ഫീസായി ലിറ്ററിന് 5 രൂപയും നൽകണം.
എന്നാൽ ബെവ്കോ വഴി കന്റീനുകൾക്ക് മദ്യം നൽകിയാൽ മുഴുവൻ നികുതിയും ലഭിക്കുമെന്നും, നേരിട്ട് വാങ്ങുമ്പോൾ അത് പകുതിയായി കുറയുമെന്നുമായിരുന്നു നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇതുവരെയുള്ള നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

