സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ശക്തമായ നീക്കവുമായി അന്വേഷണ സംഘം രംഗത്ത്. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഉടൻ തന്നെ കോടതിയിൽ പുതിയ ഹർജി സമർപ്പിക്കും.
കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുക. ശരിയായ നിയമനടപടികൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം പൂർണ്ണമായും അംഗീകരിച്ചാണ് കോടതി ഇന്നലെ ആർ പ്രേംകുമാറിനെ വിട്ടയച്ചത്.
എന്നാൽ, കേസിൽ വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി ആവശ്യമാണെന്നും വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ വീണ്ടും കോടതിയെ സമീപിക്കുന്നത്. ഏകദേശം 300 കോടി രൂപയുടെ വൻ തട്ടിപ്പാണ് ഈ കേസിൽ നടന്നിട്ടുള്ളതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക ഘട്ടത്തിലെ കണ്ടെത്തൽ.
ഇതിനിടെ, ഇടുക്കി സ്വദേശിയുടെ പരാതിയിൽ കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പുതിയ കേസിലും പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ബിഎല്എമ്മിലെ മുന്‍ ജീവനക്കാരിയായ സോണിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബിഎൽഎമ്മിന്റെ ചെയര്‍മാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിൽ നിന്നും ഒരു കോടി 60 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്ഐആറിലെ പ്രധാന ആരോപണം. എന്നാൽ, സൊസൈറ്റിയിൽ നിന്നും അനധികൃതമായി പണം തട്ടിയതിന് നേരത്തെ സ്ഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ട
വ്യക്തിയാണ് പുതിയ പരാതിക്ക് പിന്നിലെന്നും, സോണിയക്കെതിരെ നിലവിൽ മറ്റ് കേസുകൾ നിലവിലുണ്ടെന്നുമാണ് ബിഎൽഎം അധികൃതരുടെ ഔദ്യോഗിക വിശദീകരണം. നിലവിൽ സംഘടനയുടെ ചെയർമാൻ അല്ലാത്ത പ്രേംകുമാറിനെ ഇപ്പോഴും ചെയർമാൻ എന്ന രീതിയിൽ ബോധപൂർവ്വം അവതരിപ്പിക്കുന്നതിനെതിരേയും ശക്തമായ പരാതികൾ ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

