അന്വേഷണ രംഗത്തെ അസാധാരണ മികവിനുള്ള അംഗീകാരമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ അഭിമാനകരമായ ‘കേന്ദ്രീയ ആഭ്യന്തരമന്ത്രി ദക്ഷതാപതക്കം’ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. കോഴിക്കോട് നഗരത്തെ ഞെട്ടിച്ച രണ്ട് തിരോധാന കേസുകൾ കൊലപാതകങ്ങളാണെന്ന് തെളിയിക്കുകയും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തതിനാണ് ഈ നേട്ടം.
മുൻ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, മുൻ സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ, മുൻ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷ്, മുൻ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വിജിൽ തിരോധാന കേസും, കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് അന്വേഷിച്ച ഹേമചന്ദ്രൻ തിരോധാന കേസുമാണ് ഈ ഉദ്യോഗസ്ഥരെ പുരസ്കാരത്തിന് അർഹമാക്കിയത്.
പുരസ്കാരം ലഭിച്ചവരിൽ ടി.നാരായണൻ നിലവിൽ തൃശൂർ മേഖലാ ഡിഐജിയായും അരുൺ കെ.പവിത്രൻ കൊച്ചി ഡിസിപിയായും സേവനം അനുഷ്ഠിക്കുന്നു. പി.കെ.ജിജീഷ് കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടറും കെ.ആർ.രഞ്ജിത്ത് വളാഞ്ചേരി ഇൻസ്പെക്ടറുമാണ്.
സരോവരത്തെ ചതുപ്പിലേക്ക് നീണ്ട അന്വേഷണം വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിൽ കാണാതായ സംഭവത്തിൽ 2019 ഏപ്രിലിലാണ് എലത്തൂർ പൊലീസ് കേസേuteുത്തത്.
അന്ന് വിജിലിന്റെ സുഹൃത്തുക്കളായ കെ.കെ.നിഖിൽ, സി.പി.ദീപേഷ് എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും നിർണായക തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ, 2025 ജനുവരിയിൽ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നിർദേശപ്രകാരം കാണാതായ കേസുകൾ അന്വേഷിക്കുന്ന ചുമതലയുള്ള കെ.ആർ.രഞ്ജിത്ത് അന്വേഷണം ഊർജിതമാക്കുകയും മുൻപ് ചോദ്യം ചെയ്തവരെ വീണ്ടും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഇവരിൽ നിന്നും ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിജിലിനെ സുഹൃത്തുക്കൾ ചേർന്ന് സരോവരം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നു എന്ന് പ്രതികൾ സമ്മതിച്ചു.
തുടർന്ന് മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി. ചതുപ്പിൽ നിന്നും കണ്ടെടുത്ത ഷൂവും അസ്ഥികളും വിദഗ്ധമായ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അവ വിജിലിന്റേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ സാധിച്ചു.
ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടിയിലെ വനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട്ടുനിന്നും ഒന്നര വർഷം മുൻപ് കാണാതായ വയനാട് പൂമല ചെട്ടിമൂല വിനോദ് ഭവൻ സ്വദേശി ഹേമചന്ദ്രൻ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയതും കേസിൽ ആറ് പ്രതികളെ പിടികൂടിയതും ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ അന്വേഷണ മികവാണ്. ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെടുത്തതും ഈ അന്വേഷണത്തിലൂടെയാണ്.
തട്ടിക്കൊണ്ടുപോയ ശേഷം വയനാട് അതിർത്തിയോടു ചേർന്നുള്ള തമിഴ്നാട് ചേരമ്പാടി കാപ്പിക്കുടുക്ക വനത്തിനുള്ളിലാണ് പ്രതികൾ ഹേമചന്ദ്രനെ കുഴിച്ചുമൂടിയിരുന്നത്. അതേസമയം, മൂന്നു വർഷം മുൻപ് നഗരത്തിൽ നിന്നും കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ പി.കെ.ജിജീഷ് ആയിരുന്നു.
മൂന്നു മാസത്തെ അന്വേഷണത്തിന് ശേഷം അദ്ദേഹത്തെ ചുമതലയിൽ നിന്നും മാറ്റുകയുണ്ടായി. തുടർരന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (SIT) പിന്നീട് ഉൾപ്പെടുത്തിയെങ്കിലും ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തെ കാസർകോട്ടേക്ക് സ്ഥലം മാറ്റുകയായിരുന്നു.
നിലവിൽ മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസ് അന്വേഷിക്കുന്നത് സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

