ചെസ് ബോർഡിൽ കരുക്കൾ നീക്കാൻ കാഴ്ചശക്തിയുടെ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ അയിഷ സൈനബ. എതിരാളികളുടെ ചലനങ്ങൾ തിരിച്ചറിയാനും തേരിനെയും ആനയെയും കുതിരയെയും കൃത്യതയോടെ നിയന്ത്രിക്കാനും മികച്ച കയ്യടക്കവും ആത്മവിശ്വാസവുമാണ് ഈ മിടുക്കിക്കുള്ളത്.
സേതുവർമ സ്മാരക സംസ്ഥാന വനിതാ ചെസ് ചാംപ്യൻഷിപ്പിലാണ് അയിഷ സൈനബ മത്സരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 44 ചെസ് താരങ്ങളാണ് ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
ഇതിൽ അയിഷ ഒഴികെയുള്ള മറ്റ് മത്സരാർത്ഥികൾക്ക് കാഴ്ചാപരിമിതികളോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല. എന്നാൽ, കാഴ്ചയുള്ള എതിരാളികളെക്കാൾ വളരെ ചുരുങ്ങിയ സമയംകൊണ്ട് കരുനീക്കങ്ങൾ നടത്താൻ അയിഷയ്ക്ക് സാധിക്കാറുണ്ട്.
ഇത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് സംഘാടകസമിതി അംഗമായ ഓഷിൻ വ്യക്തമാക്കി. പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ചാണ് താരം ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.
കാഴ്ചപരിമിതിയുള്ളവർക്കായി 2024-ൽ ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അഞ്ച് പേരിൽ ഉൾപ്പെട്ട ഏക മലയാളി കൂടിയാണ് അയിഷ.
കേരളത്തിൽ നിന്ന് ആദ്യമായി ഫിഡെ റേറ്റിങ് ലഭിച്ച കാഴ്ചപരിമിതിയുള്ള വനിതയാണ് അയിഷയെന്ന് പിതാവ് അലി അൻസാരി പറയുന്നു. കൂടാതെ, സംസ്ഥാന സർക്കാരിന്റെ 2024-ലെ ഉജ്വല ബാല്യം പുരസ്കാരവും ഈ കായികതാരം സ്വന്തമാക്കിയിട്ടുണ്ട്.
സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂറും സംയുക്തമായാണ് സേതുവർമ സ്മാരക സംസ്ഥാന വനിതാ ചെസ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചത്. വനിതാ ചെസ് ഇതിഹാസമായിരുന്ന സേതുവർമയുടെ മക്കളായ പ്രീതി വർമ, പ്രമോദ് വർമ, ചെസ് തൃശൂർ രക്ഷാധികാരി അജിത് കുമാർ രാജ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ടൂർണമെന്റിലെ മത്സരങ്ങൾ നാളെ വൈകിട്ട് സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

