ബെംഗളൂരു വിമാനത്താവളത്തിലെ റസ്റ്റോറന്റിൽ നിന്നും സസ്യാഹാരികളായ കുടുംബത്തിന് ദുരനുഭവം. ഓർഡർ ചെയ്തു കഴിച്ച വെജിറ്റേറിയൻ ബിരിയാണിക്കുള്ളിൽ നിന്നും ചിക്കൻ കഷണങ്ങൾ ലഭിച്ചതിനെ തുടർന്ന് വാരാണസിയിൽ നിന്നുള്ള കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിനടുത്തുള്ള ഭക്ഷണശാലയിൽ നിന്നുമാണ് കുടുംബം വെജിറ്റേറിയൻ ബിരിയാണി വാങ്ങിയത്. എന്നാൽ ഇതിനുള്ളിൽ ചെറിയ ചിക്കൻ കഷണങ്ങൾ അടങ്ങിയിരുന്നു.
ഭക്ഷണം കഴിച്ചതിനു ശേഷമാണ് തങ്ങൾ കഴിച്ചത് ചിക്കനാണെന്ന് കുടുംബത്തിന് വ്യക്തമായത്. ഇതിനകം തന്നെ കുട്ടികൾ അടക്കമുള്ളവർ ഭക്ഷണം കഴിച്ചിരുന്നു.
തുടർന്ന് കുടുംബാംഗങ്ങൾ ഭക്ഷണശാലയിലെ ജീവനക്കാരുമായി തർക്കത്തിലാവുകയും ഉച്ചത്തിൽ പ്രതിഷേധിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമാണ്. ഭക്ഷണം കഴിച്ച സ്ത്രീ ഒഴിഞ്ഞ പാത്രത്തിൽ ശേഷിക്കുന്ന ചിക്കൻ കഷണം ചൂണ്ടിക്കാണിക്കുന്നതും വിഡിയോയിൽ കാണാം.
തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഭക്ഷണശാലയിലെ ജീവനക്കാരുമായി ചർച്ച നടത്തി. ഉത്തരവാദികളായ മാനേജരെ വിളിച്ചു വരുത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
“എൽ ടേസ്റ്റ് ഓഫ് ഇന്ത്യ, ബെംഗളൂരു എയർപോർട്ട് ടി1 (ഗേറ്റ് 16-17), ഞങ്ങളുടെ കുടുംബം വെജ് ബിരിയാണിയാണ് ഓർഡർ ചെയ്തത്. ബില്ലിലും ഇത് വ്യക്തമാണ്.
എന്നാൽ ഞങ്ങൾക്ക് ലഭിച്ചതോ നോൺ-വെജിറ്റേറിയൻ ഭക്ഷണവും. ഞങ്ങൾ കർശനമായ സസ്യാഹാരികളായ കുടുംബമാണ്.
കുട്ടികൾ പോലും അറിയാതെ ഇത് കഴിക്കേണ്ടി വന്നു. ഇത് ഞങ്ങളുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും കടുത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു.” എന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് പിയുഷ് അഗർവാൾ എന്നയാൾ എക്സിൽ കുറിച്ചു.
റസ്റ്റോറന്റ് മാനേജരും ഷെഫും ഭക്ഷണം മാംസാഹാരം തന്നെയാണെന്ന് സ്ഥിരീകരിച്ചതിന്റെ തെളിവുകളും ബില്ലും മറ്റ് രേഖകളും കൈവശമുണ്ടെന്നും അധികാരികൾ അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

