സംസ്ഥാനത്തെ പ്രധാന യാത്രാപാതകളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയപാത 66-ൽ വാഹനങ്ങളുടെ വേഗം കൃത്യമായി കാണിച്ച് അപകടസാധ്യത ഒഴിവാക്കുന്നതിനായുള്ള സ്പീഡ് ഡിസ്പ്ലെ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങി. ഇതിന്റെ ഭാഗമായി കൊല്ലം കാവനാട് മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെയുള്ള റീച്ചിൽ, വേഗപരിധി പ്രദർശിപ്പിക്കുന്ന ആദ്യ ബോർഡ് കൊട്ടിയം ജംക്ഷനു സമീപം തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
പ്രധാന പാതയിലേക്കുള്ള പ്രവേശന, നിർഗമന കേന്ദ്രങ്ങൾക്ക് (എൻട്രി, എക്സിറ്റ് പോയിന്റ്) 200 മീറ്റർ അകലെയായാണ് ഈ ബോർഡുകൾ സജ്ജീകരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം എൻട്രി, എക്സിറ്റ് പോയിന്റുകൾക്ക് സമീപമുള്ള അതിവേഗ പാതയിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്ററാകും വേഗപരിധി നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, മറ്റ് റോഡ് വിഭാഗങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കും. റോഡിനു കുറുകെ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്പ്ലെ ബോർഡിന് 100 മീറ്റർ അകലെയെത്തുമ്പോൾ തന്നെ, രാത്രികാലങ്ങളിൽ ഉൾപ്പെടെ വാഹനത്തിന്റെ കൃത്യമായ വേഗത ബോർഡിൽ തെളിയുന്നതാണ്.
എൻട്രി, എക്സിറ്റ് ഭാഗങ്ങളിൽ 50 കിലോമീറ്റർ വേഗപരിധി ഓർമ്മിപ്പിക്കുന്ന പ്രത്യേക സൈൻ ബോർഡുകളും ഉണ്ടായിരിക്കും. ബോർഡിലൂടെ വേഗത മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നത് വഴി ഡ്രൈവർമാർക്ക് അമിതവേഗത ഒഴിവാക്കാനും വേഗം നിയന്ത്രിക്കാനും സാധിക്കും.
സർവീസ് റോഡുകളിൽ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുമ്പോഴും, പ്രധാന പാതയിൽ നിന്നും സർവീസ് റോഡുകളിലേക്ക് പുറത്തേക്ക് ഇറങ്ങുമ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ തടയാൻ കർശനമായ വേഗനിയന്ത്രണം അത്യന്താപേക്ഷിതമാണ്. കാവനാട് മുതൽ കടമ്പാട്ടുകോണം വരെയുള്ള ഈ റീച്ചിൽ ആകെ മുപ്പതോളം എൻട്രി–എക്സിറ്റ് പോയിന്റുകളാണ് ഉള്ളത്.
കൊല്ലം കാവനാട് മുതൽ ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണം വരെയുള്ള ഈ റീച്ചിന്റെ ആകെ ദൈർഘ്യം 31.5 കിലോമീറ്ററാണ്. ഇതിൽ കടമ്പാട്ടുകോണം മുതൽ ഇത്തിക്കര വരെയും, മൈലക്കാട് സിത്താര മുതൽ മേവറത്തിനു സമീപം വരെയുമുള്ള നിർമ്മാണ ജോലികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
നിലവിൽ റോഡിന്റെ അന്തിമഘട്ട പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പുതിയ വേഗനിയന്ത്രണ സംവിധാനങ്ങൾ യാത്രാവേളകളിലെ അപകടങ്ങൾ ഗണ്യമായി കുറയ്ക്കുമെന്നും ദേശീയപാതയിലെ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

