രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും വിത്തുകൾ ശേഖരിച്ചും, പരാഗണ പ്രക്രിയയിലൂടെ നൂതന ഇനങ്ങൾ വികസിപ്പിച്ചും സ്വന്തം കൃഷിയിടത്തിൽ വിസ്മയം തീർക്കുന്ന മാതമംഗലം ചിറക്കമ്പത്തില്ലത്ത് സൂരജ് പുരുഷോത്തമന് ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രശസ്തമായ പ്ലാന്റ് ജീനോ സേവിയർ അവാർഡാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
വരുന്ന നവംബർ 12ന് രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കും. സ്കൂൾ പഠനകാലം മുതൽക്കേ കാർഷികവൃത്തിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന സൂരജിന്, മികച്ച വിദ്യാർഥി കർഷകൻ, സംസ്ഥാനത്തെ മികച്ച യുവ കർഷകൻ എന്നീ നിലകളിലുള്ള അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
കാർഷിക രംഗത്ത് രാജ്യത്ത് നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്കാരങ്ങളിലൊന്നായ സസ്യ ജനിതക സംരക്ഷണ പുരസ്കാരം ഈ 28കാരന്റെ കഠിനാധ്വാനത്തിന് ലഭിച്ച അർഹമായ അംഗീകാരമാണ്. വീടിനോട് ചേർന്നു കിടക്കുന്ന അഞ്ചേക്കറോളം വരുന്ന ഭൂമി പൂർണ്ണമായും കൃഷിക്കായി മാറ്റിയിരിക്കുകയാണ് ഈ യുവ കർഷകൻ.
നിലവിൽ ഈ സീസണിലേക്കുള്ള പച്ചക്കറി കൃഷിയുടെ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. സൂരജിന്റെ കൃഷിയിടത്തിലെ പ്രധാന ആകർഷണം തക്കാളി ഇനങ്ങളാണ്.
ഇവിടെ മാത്രം 180-ലധികം തക്കാളി ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ഇതിൽ കറുത്ത തക്കാളിയാണ് പ്രധാന താരം.
ചായക്കോപ്പയിൽ ഒതുങ്ങുന്ന വലിപ്പം മുതൽ പത്ത് അടി വരെ ഉയരത്തിൽ വളരുന്നവയും, 20 ഗ്രാം മുതൽ അരക്കിലോ വരെ ഭാരമുള്ളതുമായ വിവിധ തരം തക്കാളികൾ ഈ തോട്ടത്തിലുണ്ട്. ഇതോടൊപ്പം 60 ഇനം പച്ചമുളക്, 70 ഇനം വഴുതന, 15 ഇനം പാവൽ, 25 ഇനം തണ്ണിമത്തൻ എന്നിവയും പരിപാലിക്കുന്നു.
ഇതു കൂടാതെ, നമ്മുടെ നാട്ടിൽ പൊതുവേ കാണപ്പെടാത്തതും എന്നാൽ ഇവിടെ വളർത്താൻ സാധിക്കുന്നതുമായ നിരവധി അപൂർവ്വ പച്ചക്കറി ഇനങ്ങളും സൂരജിന്റെ കൈവശമുണ്ട്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് സൂരജ് ആവശ്യമായ വിത്തുകൾ ശേഖരിച്ചത്.
കൂടാതെ, ശാസ്ത്രീയമായ പരാഗണത്തിലൂടെ സ്വന്തമായി വികസിപ്പിച്ചെടുത്ത നിരവധി സസ്യ ഇനങ്ങളും ഈ കൃഷിയിടത്തിലുണ്ട്. ഇവയുടെയെല്ലാം വിത്തുകൾ അതീവ ശ്രദ്ധയോടെയാണ് സൂരജ് സംരക്ഷിക്കുന്നത്.
വിവിധ വർണങ്ങളിലും വ്യത്യസ്ത നിറക്കൂട്ടുകളിലുമുള്ള സൂര്യകാന്തി ഇനങ്ങളും ഇവിടെ കാണാം. മുമ്പ് ആയിരം ഇതളുള്ള താമര വിരിയിച്ചും സൂരജ് ശ്രദ്ധ നേടിയിരുന്നു.
അച്ഛൻ സുരേഷ് നമ്പൂതിരി, അമ്മ ഉഷ, സഹോദരി സൂര്യപാർവതി എന്നിവരും ഈ യുവകർഷകന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

