ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണർ സുരേഷ് എൻ.പട്ടേൽ അധ്യക്ഷതയിൽ ഉന്നതതല സമിതിക്ക് രൂപം നൽകി. 2026-27 വർഷത്തെ ബജറ്റിൽ ബാങ്കിങ് മേഖലയിലെ പരിഷ്കരണങ്ങൾക്കായി ഇത്തരമൊരു സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ശിരീഷ് ചന്ദ്ര മുർമു, ഇന്ത്യൻ ബാങ്ക് മുൻ എം.ഡി പത്മജ ചുന്ദുരു, റിസർവ് ബാങ്ക് മുൻ ഡപ്യൂട്ടി ഗവർണർ എൻ.എസ്.വിശ്വനാഥൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
കേന്ദ്ര ധനവകുപ്പ് ജോയിന്റ് സെക്രട്ടറി (ബാങ്കിങ്) ആണ് സമിതിയുടെ മെംബർ സെക്രട്ടറി. ആറു മാസമാണ് സമിതിയുടെ കാലാവധി.
പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച വിഷയങ്ങളും സമിതിയുടെ പരിഗണനയിൽ വന്നേക്കുമെന്നാണ് വിവരം. ബാങ്കുകളുടെ സ്വകാര്യവൽക്കരണ നടപടികളോട് കേന്ദ്രസർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രധാന പരിഗണനാ വിഷയങ്ങൾ: • ഇന്ത്യൻ ബാങ്കിങ് സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള രൂപരേഖ തയാറാക്കൽ. • ഗ്രാമീണ ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനച്ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുക.
• ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (NBFC) ആവശ്യമായ പുതിയ ധനസമാഹരണ മാർഗങ്ങൾ കണ്ടെത്തുക. • സൈബർ സുരക്ഷ കർശനമാക്കിക്കൊണ്ട് ബാങ്കിങ് രംഗത്ത് ഡിജിറ്റൽ, കൃത്രിമ ബുദ്ധി (AI) സാങ്കേതികവിദ്യകൾ ഫലപ്രദമായി നടപ്പിലാക്കുക.
• മുൻഗണനാ വായ്പാ പദ്ധതികളിലും ലീഡ് ബാങ്ക് സംവിധാനത്തിലും ആവശ്യമായ പരിഷ്കരണങ്ങൾ കൊണ്ടുവരിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

