കണ്ണൂർ ജില്ലയിൽ ക്രമസമാധാനനില കർശനമാക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ വിപുലമായ രാത്രികാല പ്രത്യേക പരിശോധനയിൽ വിവിധ കേസുകളിലായി 53 വാറന്റ് പ്രതികൾ പിടിയിലായി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി.വി.വിജയ ഭരത് റെഡ്ഡിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മിന്നൽ പരിശോധന സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ റെയ്ഡുകളിൽ ഒട്ടേറെ നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 53 കേസുകളും, പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 9 കേസുകളും രജിസ്റ്റർ ചെയ്തു.
കൂടാതെ, ലഹരിമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുടെ ഭാഗമായി 18 കേസുകളും എടുത്തിട്ടുണ്ട്.
വാറന്റുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 42 നോൺബെയിലബിൾ വാറന്റുകളും 11 ലോങ്ങ് പെന്റിങ് വാറന്റുകളുമാണ് വിവിധ സ്റ്റേഷനുകൾ വഴി നടപ്പിലാക്കിയത്. വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 3 പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

