ദേശീയപ്രസ്ഥാനത്തിന് കരുത്ത് പകർന്ന് പിറവിയെടുത്ത കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ പടന്നയിലെ ചരിത്രപ്രസിദ്ധമായ ‘കേരള മൻസിൽ’ എഴുപതാം വാർഷികാഘോഷത്തിലേക്ക് കടക്കുന്നു. 1956 നവംബർ ഒന്നിനാണ് കേരളപ്പിറവിദിനത്തിൽ ഈ വസതിയിൽ ‘കുടികൂടൽ’ നടന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ ആഘോഷപരിപാടികൾക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പിറന്നാൾ ആഘോഷങ്ങൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിര നായകനായിരുന്ന മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബിന്റെ സന്തതസഹചാരിയായിരുന്ന പി.കെ.സി.മുഹമ്മദ് കുഞ്ഞി പട്ടേൽ ആണ് പൗരാണിക വാസ്തുവിദ്യാ ശൈലിയിൽ ഈ വീട് നിർമ്മിച്ചത്. ആകർഷകമായ പൗരാണിക ഭംഗിയിൽ 13 മുറികളും 9 ഹാളുകളുമായി പണിതീർത്ത ഈ മന്ദിരം, പിന്നീട് നാട്ടുകോടതി ഉൾപ്പെടെയുള്ള ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി മാറി.
വീടിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും, സ്വതന്ത്ര കേരളം രൂപംകൊള്ളുന്നതുവരെ കാത്തിരുന്നാണ് 1956 നവംബർ ഒന്നിന് ഇവിടെ താമസം ആരംഭിച്ചത്. ഇതിനായി ആറുമാസത്തോളമാണ് കാത്തിരുന്നത്.
വീടിന്റെ മട്ടുപ്പാവിൽ കൊത്തിവച്ചിരിക്കുന്ന ഈ തീയതി ഇപ്പോഴും യാതൊരു മങ്ങലുമില്ലാതെ നിലകൊള്ളുന്നുണ്ട്. ‘കേരള മൻസിൽ’ എന്ന പേര് വീടിന്റെ പണി പൂർത്തിയാകും മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു.
കർണാടകയിൽ വ്യവസായ രംഗത്ത് സാന്നിധ്യമുള്ള മുഹമ്മദ്കുഞ്ഞി പട്ടേൽ ഇവിടെ ഒരുക്കിയ നീതിന്യായ സംവിധാനം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. കർണാടകയിൽ നിന്ന് ബാരിസ്റ്റർമാരും ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്ത നാട്ടുകോടതിയുടെ ഉദ്ഘാടനം, പടന്ന ഗ്രാമത്തിലെ ജനങ്ങളുടെ ദിനംപ്രതിയുണ്ടാകുന്ന പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും വേഗത്തിൽ പരിഹാരം കണ്ടിരുന്ന ഒരു സംവിധാനമായിരുന്നു.
വി.കെ.പി–പി.കെ.സി കുടുംബങ്ങളുടെയും വിപുലമായ സംഘാടകസമിതിയുടെയും നേതൃത്വത്തിലാണ് ഈ ആഘോഷങ്ങൾ ഏകോപിപ്പിക്കുന്നത്. പട്ടേലരുടെ മകൾ സാറാബിയുടെ മകൾ ഫാത്തിബിക്കും ഭർത്താവ് കുന്നത്ത് റസാഖ് ഹാജിക്കും കുടുംബത്തിനുമാണ് നിലവിൽ ഈ ചരിത്രവീടിന്റെ ഉടമസ്ഥാവകാശമുള്ളത്.
മുഹമ്മദ്കുഞ്ഞി പട്ടേലരും അദ്ദേഹത്തിന്റെ പൂർവികരും നാടിനും സമൂഹത്തിനും നൽകിയ സ്തുത്യർഹമായ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് 70–ാം പിറന്നാൾ വിപുലമായി ആഘോഷിക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികളായ വി.കെ.പി.ഇസ്മായിൽ ഹാജി, പി.കെ.സി.അബ്ദുൽ സമദ്, വി.കെ.പി.അബ്ദുൽ ഫത്താഹ്, വി.കെ.സി.നൗഫൽ എന്നിവർ വ്യക്തമാക്കി. മുസ്ലിം സർവീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് ആഘോഷപരിപാടികൾ നടപ്പിലാക്കുന്നത്.
ഇന്ന് എംഎൽഎമാർ ഉൾപ്പെടെയുള്ള പ്രമുഖ ജനപ്രതിനിധികളും സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന വീടുസന്ദർശനവും ടേബിൾ ടോക്കും നടക്കും. നാളെ പടന്ന വലിയ ജുമാമസ്ജിദിൽ ഖബർ സിയാറത്ത് ഉണ്ടായിരിക്കും.
നവംബർ ഒന്നിന് വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

