ശബരിമല സന്നിധാനത്തെ വിവിധ ആവശ്യങ്ങൾക്കുള്ള ചെമ്പുപാത്രങ്ങളിൽ പരമ്പരാഗത രീതിയിൽ ഈയം പൂശുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. അരവണ, അപ്പം, വെള്ളനിവേദ്യം എന്നിവ പാകം ചെയ്യുന്നതിനും, ദേവസ്വം മെസ്, അന്നദാന മണ്ഡപം എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതുമായ 80 വലിയ ചെമ്പുകളാണ് ഈ രീതിയിൽ ഈയം പൂശി ഉപയോഗയോഗ്യമാക്കി മാറ്റിയത്.
കൊടിമര നിർമാണ ശിൽപികളിൽ ഒരാളായ പരുമല പളനി ആചാരിയുടെ നേതൃത്വത്തിലാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സന്നിധാനത്തെ കെട്ടിടങ്ങളുടെ പെയിന്റിങ് ജോലികളും വേഗത്തിൽ നടക്കുന്നുണ്ട്.
ക്ഷേത്രഭാഗങ്ങളുടെ പെയിന്റിങ് ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും, നിലവിൽ പൊലീസ് ബാരക്കുകളുടെ പെയിന്റിങ് ജോലികളാണ് പുരോഗമിക്കുന്നതെന്നും അധികൃതർ അറിയിച്ചു. അതേസമയം, തീർഥാടനവുമായി ബന്ധപ്പെട്ട് പുതിയ പ്രതിസന്ധിയും രൂപപ്പെട്ടിട്ടുണ്ട്.
അരവണ നിർമാണത്തിനാവശ്യമായ വഴിപാട് സാധനങ്ങളായ ശർക്കരയും അരിയും സന്നിധാനത്ത് എത്തിക്കുന്നതിനുള്ള ട്രാക്ടർ കരാർ ഇതുവരെയും ഉറപ്പായിട്ടില്ല. ഇന്നലെയും കരാർ നടപടികൾ പൂർത്തിയാകാത്തതിനെത്തുടർന്ന് ശർക്കര, അരി തുടങ്ങിയ അവശ്യവസ്തുക്കൾ പമ്പയിൽ നിന്നും മലനിരകളിലേക്ക് കൊണ്ടുപോകാൻ സാധിച്ചിട്ടില്ല.
ഇത് വരും ദിവസങ്ങളിൽ അരവണ നിർമാണത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

