കാലാവസ്ഥ അനുകൂലമായാൽ, പത്ത് ദിവസത്തെ അറ്റകുറ്റപ്പണിക്കായി അടച്ച ദേശീയപാതയിലെ മാർത്താണ്ഡവർമ പഴയ പാലം നിശ്ചിത ദിവസത്തിനു നാല് ദിവസം മുൻപു തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 28 മുതൽ നവംബർ 6 വരെ നടത്താൻ നിശ്ചയിച്ച അറ്റകുറ്റപ്പണി നവംബർ രണ്ടിന് പൂർത്തിയാക്കി പിറ്റേന്നു ചൊവ്വാഴ്ച പാലം തുറക്കാനാണു കരാർ കമ്പനിയുടെ തീരുമാനം.
പാലം അടച്ചതുമൂലം ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതം മനസ്സിലാക്കി 32 വിദഗ്ധതൊഴിലാളികളെ വച്ചു രണ്ട് ഷിഫ്റ്റായാണ് യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പുരോഗമിക്കുന്നത്. എക്സ്പാൻഷൻ ജോയിന്റുകൾ ഉറപ്പിക്കുന്നതിനു പാലത്തിന്റെ ഇടയ്ക്കുള്ള വിടവുകളിലെ പഴയ കോൺക്രീറ്റും കമ്പികളും പൊളിച്ചുനീക്കുന്ന ജോലി ഇന്നലെ രാത്രി പൂർത്തിയായി.
പാലത്തിന്റെ അടിയിലുള്ള വിദേശനിർമിത ഷോക്ക് അബ്സോർബർ സംവിധാനത്തിന്റെ കാര്യക്ഷമത വിദഗ്ധ എൻജിനീയർമാരുടെ സംഘം ഇന്ന് പരിശോധിക്കും. എക്സ്പാൻഷൻ ജോയിന്റുകൾ വെൽഡിങ് മെഷീന്റെ സഹായത്തോടെ ഉറപ്പിക്കുന്ന ജോലിയും ഇതോടൊപ്പം ആരംഭിക്കും.
പാലത്തിൽ നാല് ജോയിന്റുകളാണുള്ളത്. വെൽഡിങ് കഴിയുന്നമുറയ്ക്കു റബർ സീൽ ഉപയോഗിച്ചു പാക്ക് ചെയ്തശേഷം വശങ്ങൾ കോൺക്രീറ്റ് ചെയ്യും.
മൂന്ന് ദിവസത്തെ ക്യൂറിങ് തിങ്കളാഴ്ച പൂർത്തിയാകുമെന്ന് പണി കരാറെടുത്ത ഹൈദരാബാദ് വരാഹി സ്ട്രക്ചറൽ റിപ്പയേഴ്സ് ആൻഡ് വാട്ടർ പ്രൂഫിങ് കോൺട്രാക്ടേഴ്സ് കമ്പനിയിലെ എൻജിനീയർ വൈ.കെ. ആത്രേയ പറഞ്ഞു.
അതേസമയം, പാലം പണിമൂലം ദേശീയപാതയിൽ രണ്ടാം ദിവസവും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബുധനാഴ്ച എറണാകുളം– ആലുവ റൂട്ടിലായിരുന്നു കുരുക്കെങ്കിൽ ഇന്നലെ അങ്കമാലി– ആലുവ റൂട്ടിലായിരുന്നു കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.
ഇതേസമയം, അനധികൃത വാഹന പാർക്കിങ് തടഞ്ഞതിനാൽ നഗരത്തിനുള്ളിലെ റോഡുകളിൽ പതിവുള്ള ഗതാഗതക്കുരുക്ക് ഉണ്ടായില്ല. കൊച്ചി സിറ്റി പൊലീസ് ഇന്നലെ ഇടപ്പള്ളിയിലും കളമശേരിയിലും ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടാൻ ഏഴ് പൊലീസുകാരെ നിയോഗിച്ചിരുന്നു.
ബുധനാഴ്ചത്തേക്കാൾ തിരക്കു കുറവായിരിക്കുമെന്ന പ്രതീക്ഷയിൽ ദേശീയപാതയിലേക്കു വാഹനങ്ങളുമായി എത്തിയവർ ഏറെനേരം കുരുക്കിൽപെട്ടു. രാവിലെ എട്ട് മുതൽ 11 വരെ ദേശം കവല മുതൽ ബൈപാസ് മേൽപാലം വരെ വാഹനങ്ങളുടെ നീണ്ട
നിരയായിരുന്നു. ഡിവൈഎസ്പി ബൈജു പൗലോസ്, സിഐ പി.എം.
ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ആവശ്യത്തിനു പൊലീസ് ഉണ്ടായിരുന്നെങ്കിലും ചില ഘട്ടങ്ങളിൽ ഗതാഗത നിയന്ത്രണം പ്രയാസകരമായി. രാവിലെ ഒമ്പത് വരെ ദേശീയപാതയിലൂടെ രണ്ട് നിരയായി വാഹനങ്ങൾ കടത്തിവിട്ടെങ്കിലും ഇടയ്ക്കു വടക്കോട്ടുള്ള വാഹനങ്ങളുടെ വരവ് അനിയന്ത്രിതമായതോടെ എറണാകുളത്തു നിന്ന് അങ്കമാലിയിലേക്കു പോകാനുള്ള വാഹനങ്ങൾ 15 മിനിറ്റോളം തടഞ്ഞിടേണ്ടി വന്നു.
ദേശീയപാതയിൽ എവിടെയെങ്കിലും വാഹനങ്ങൾ ബ്രേക്ക് ഡൗണായാൽ പെട്ടെന്നു നീക്കുന്നതിനു ബൈപാസ് കവലയിൽ 24 മണിക്കൂറും ക്രെയിൻ സജ്ജമാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്കിനെ തുടർന്നു നഗരത്തിലെ പല സ്കൂളുകളിലും വൈകിട്ടു കുട്ടികളെ നേരത്തേ വിട്ടു.
ദേശീയപാതയിൽ 30–40 മിനിറ്റ് കുടുങ്ങുന്നതിനാൽ ഓർഡർ എടുക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്നവർ പറഞ്ഞു. ബൈപാസ് കവലയിൽ ചിതറിക്കിടന്ന മെറ്റലിൽ തെന്നി ബൈക്ക് യാത്രികൻ വീണു പരുക്കേറ്റതിനെ തുടർന്നു പൊലീസ് ദേശീയപാത അധികൃതരെ കൊണ്ടു മെറ്റൽ കൂനകളും ചരലും നീക്കിച്ചു.
പാലം പണി തീരുന്നതു വരെ പരമാവധി പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് പൊലീസ് വീണ്ടും അഭ്യർഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

