തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ രണ്ട് ജയിലുകളിൽനിന്ന് തടവുകാർ ചാടിപ്പോയ സംഭവത്തെത്തുടർന്ന് ജയിൽ ഡിജിപിയെ മാറ്റി നിയമിച്ചു. സന്ദീപ് റായ് റാത്തോഡിനെയാണ് ജയിൽ ഡിജിപി സ്ഥാനത്തുനിന്ന് തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡിജിപി–ചീഫ് വിജിലൻസ് ഓഫിസറായി നിയമിച്ചത്.
എൻഫോഴ്സ്മെന്റ് ബ്യൂറോ എഡിജിപി കെ.ശങ്കർ പുതിയ ജയിൽ ഡിജിപിയായി ചുമതലയേൽക്കും. വ്യാഴാഴ്ചയാണ് തമിഴ്നാട് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.കാർത്തിക് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.
ഒക്ടോബർ 26ന് തേനിയിലെ ആണ്ടിപ്പട്ടി തെക്കംപാട്ട ജില്ലാ ജയിലിൽനിന്ന് 17 പേർ ജയിൽചാടിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
തടവുകാരിലൊരാൾ അപസ്മാരം അഭിനയിക്കുകയും, തുടർന്ന് പരിശോധനയ്ക്കായി എത്തിയ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് സംഘം കടന്നുകളയുകയുമായിരുന്നു. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞെങ്കിലും സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.
സുരക്ഷാ വീഴ്ച ഗൗരവമായി കണ്ടതിനെത്തുടർന്ന് 9 ജയിൽ ജീവനക്കാരെ സംഭവത്തിൽ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് മുൻപ് ഒക്ടോബർ 20നും ചെന്നൈയ്ക്ക് സമീപമുള്ള പുഴലിലെ അതീവ സുരക്ഷാ ജയിലിൽനിന്ന് രണ്ട് തടവുകാർ ചാടിപ്പോയിരുന്നു.
സംഭവത്തെ തുടർന്ന് ഏഴ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിൽ രണ്ടു ദിവസത്തിനുശേഷമാണ് ഇവരെ പിടികൂടാനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

