പത്തനംതിട്ട ജില്ലയിലെ വലിയകാവ് വനത്തോടു ചേർന്നുകിടക്കുന്ന മണ്ണാറത്തറ പ്രദേശത്ത് വന്യജീവികളുടെ അതിക്രമം മൂലം പൊറുതിമുട്ടി ജനം.
കുരങ്ങുകൾ, കാട്ടുപന്നികൾ, കുറുക്കന്മാർ എന്നിവയുടെ ശല്യം കാരണം പകൽപോലും വീടുകളിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ജനവാസ മേഖലകളിൽ കുരങ്ങുകളുടെ ശല്യം തുടങ്ങിയിട്ട് കാലമേറെയായി.
പ്രദേശത്തെ വാഴക്കുലകൾ, തേങ്ങ, കപ്പ, പച്ചക്കറികൾ, ഓമയ്ക്ക, ചക്ക തുടങ്ങിയ കാർഷിക വിളകളെല്ലാം കുരങ്ങന്മാർ വ്യാപകമായി നശിപ്പിക്കുകയാണ്. വീടുകൾക്ക് വലിയ ശല്യമാണ് ഇവ സൃഷ്ടിക്കുന്നത്.
വീടുകളുടെ മേൽക്കൂരകളിലെ ഓടുകൾ ഇളക്കിമാറ്റി ഉള്ളിൽ പ്രവേശിക്കുന്നതും പതിവാണ്. ആളില്ലാത്ത ഒഴിഞ്ഞ വീടുകളും സ്കൂൾ പരിസരങ്ങളും കുരങ്ങുകൾ ഇതിനോടകം സ്വന്തം താവളമാക്കി മാറ്റിയിട്ടുണ്ട്.
സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് ഇവ ആക്രമണത്തിന് മുതിരുന്നുണ്ട്. തനിയെ സ്കൂളിൽ പോകാൻ പോലും കുട്ടികൾ ഭയപ്പെടുന്നു.
സ്കൂളിലേക്ക് പോകുന്ന കുട്ടികളെയും അവരെ കൂട്ടിക്കൊണ്ടുവരാൻ എത്തുന്ന അമ്മമാരെയും കുരങ്ങുകൾ ആക്രമിക്കാൻ ശ്രമിക്കുന്നതായി നാട്ടുകാർ പറയുന്നു. അടിയന്തരമായി വനപാലകരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജനങ്ങൾക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
പകൽ സമയത്തെ കുരങ്ങുകളുടെ ശല്യത്തിന് പുറമെ, രാത്രികാലങ്ങളിൽ കാട്ടുപന്നികളും കുറുക്കന്മാരുമാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. കാട്ടിൽ കഴിയേണ്ട
വന്യജീവികൾ മുഴുവൻ നാട്ടിലിറങ്ങിയിരിക്കുകയാണെന്നും, നാട്ടിൽ വസിക്കുന്ന സാധാരണക്കാർ ഇനി എവിടേക്ക് പോകണമെന്നുമാണ് ജനങ്ങളുടെ ചോദ്യം. പന്നികളെപ്പോലെ തന്നെ കുറുക്കന്മാരും രാത്രികാലങ്ങളിൽ ജനവാസ മേഖലകളിലെ വീട്ടുമുറ്റങ്ങളിലെത്തുന്നുണ്ട്.
വളർത്തുമൃഗങ്ങളായ കോഴി, ആട്, പട്ടി എന്നിവയെ കുറുക്കന്മാർ ആക്രമിക്കുന്നത് പതിവാണ്. രാത്രി സമയങ്ങളിൽ വലിയ ശബ്ദമുണ്ടാക്കി കുറുക്കന്മാർ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്നും പരാതി ഉയരുന്നുണ്ട്.
ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങൾ ഒറ്റക്കെട്ടായി വനംവകുപ്പ് ഓഫിസുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അങ്ങാടി പഞ്ചായത്തംഗം ഷിബു സാമുവൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

