പ്രായം തികയാത്ത മകൻ ഓടിച്ച സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ, ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകുന്ന 29 ലക്ഷം രൂപ വാഹന ഉടമയായ പിതാവിൽനിന്ന് തിരിച്ചുപിടിക്കാൻ മൂവാറ്റുപുഴ മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. 2023 ഒക്ടോബർ 9നുണ്ടായ അപകടവുമായി ബന്ധപ്പെട്ട
കേസിലാണ് ഈ നിർണായക വിധി വന്നിരിക്കുന്നത്. ആരക്കുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മീങ്കുന്നം നീർക്കാനയിൽ എൻ.എം.
ജേക്കബിനെ (59) അമിതവേഗത്തിലെത്തിയ സ്കൂട്ടർ പിന്നിൽനിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം നാലു ദിവസത്തിനു ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
തോട്ടക്കര കല്ലുങ്കൽ ബിനോയ് ജോണിന്റെ മകനാണ് അപകടസമയത്ത് സ്കൂട്ടർ ഓടിച്ചിരുന്നത്. സംഭവബന്ദത്തു വെച്ച് കുട്ടിയ്ക്ക് 16 വയസ്സ് മാത്രമായിരുന്നു പ്രായം.
പ്രായപൂർത്തിയാകാത്തതും ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതുമായ മകന് വാഹനം ഉപയോഗിക്കാൻ നൽകിയതിലൂടെ വാഹനഉടമ മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥകൾ ഗുരുതരമായി ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. ലൈസൻസില്ലാത്ത ഒരാൾക്ക് വാഹനം കൈമാറിയത് ഇൻഷുറൻസ് പോളിസി വ്യവസ്ഥകളുടെയും ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.
മരിച്ച ജേക്കബിന്റെ ഭാര്യ എമിലി, മക്കളായ ശാലു, ശരത് എന്നിവർക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി 21,96,000 രൂപയും 8% പലിശയും കോടതിച്ചെലവുമടക്കം ആകെ 29 ലക്ഷം രൂപ നൽകാനാണ് ട്രൈബ്യൂണൽ ജഡ്ജി കെ.എൻ. ഹരികുമാർ ഉത്തരവിട്ടത്.
ഈ തുക ഇൻഷുറൻസ് കമ്പനിക്ക് കുട്ടിയുടെ പിതാവിൽനിന്ന് ഈടാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാദിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ഒ.വി.അനീഷ്, ഇ.ജി.ഇന്ദു എന്നിവരും, ഇൻഷുറൻസ് കമ്പനിക്കായി ഡിംപിൾ ജെയിംസ്, സജി ജോസഫ് എന്നിവരും കോടതിയിൽ ഹാജരായി വാദങ്ങൾ അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

