സംസ്ഥാനത്തെ ജനപ്രതിനിധികളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലിന് മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു.
ഇതുമായി ബന്ധപ്പെട്ട ബിൽ നിയമസഭയിൽ നാളെ പാസാക്കുമെന്നാണ് വിവരം.
ഈ പുതിയ തീരുമാനപ്രകാരം എംഎൽഎമാർക്ക് ലഭിച്ചിരുന്ന പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. അതുപോലെ തന്നെ മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്.
നിലവിലുള്ള സംവിധാനം അനുസരിച്ച് കേരളത്തിലെ ഒരു എംഎൽഎക്ക് ശമ്പളവും മറ്റ് വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് കൈയിൽ ലഭിക്കുന്നത്. ഒരു സംസ്ഥാന മന്ത്രിക്ക് ശമ്പളവും മറ്റ് അലവൻസുകളും ചേർത്ത് പ്രതിമാസം 97,000 രൂപയുമാണ് ലഭിക്കുന്നത്.
എന്നാൽ ജനപ്രതിനിധികൾക്കായി ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനെതിരെയും, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിനെതിരെയും വിവിധ കോണുകളിൽ നിന്ന് ഇതിനോടകം തന്നെ ശക്തമായ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. സർക്കാരിന്റെ ഈ നടപടി കടുത്ത ധൂർത്താണെന്നാണ് പ്രധാന ആക്ഷേപം.
അതേസമയം, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണം പോലുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ഇപ്പോഴും മൗനം തുടരുകയാണ് എന്നത് ശ്രദ്ധേയമാണ്. ഇതിനിടയിൽ, പിഎസ്സി അംഗങ്ങളുടെ ആനുകൂല്യങ്ങളിൽ യാതൊരുവിധ വെട്ടിക്കുറയ്ക്കലുകളും നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ എൽഡിഎഫ് സർക്കാർ പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പിഎസ്സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

