ഇന്ത്യൻ ടെലിവിഷൻ രംഗത്തെ പ്രമുഖനായ മുതിർന്ന നിർമ്മാതാവും സംവിധായകനുമായ ബി. പി.
സിംഗ് അന്തരിച്ചു. 77 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സമീപകാലത്തായി ഹൃദയസംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ ആശങ്കാജനകമാംവിധം വർദ്ധിച്ചുവരികയാണ്.
ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ പൂർണ്ണമായി തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് മയോകാർഡിയൽ ഇൻഫാർക്ഷൻ അഥവാ ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയധമനിയിലെ കൊഴുപ്പ് അടിഞ്ഞുകൂടിയ ഭാഗത്തിന് മുകളിൽ രക്തം കട്ടപിടിക്കുന്നതാണ് സാധാരണയായി ഇതിലേക്ക് നയിക്കുന്നത്.
ഓക്സിജൻ സമ്പുഷ്ടമായ രക്തം ആവശ്യത്തിന് ലഭിക്കാതെ വരുമ്പോൾ ഹൃദയകലകൾക്ക് തകരാറുകൾ സംഭവിക്കുകയോ അവ നശിച്ചുപോകുകയോ ചെയ്യുന്നു. കൃത്യസമയത്ത് രക്തപ്രവാഹം പുനഃസ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ ഇത് ഹൃദയത്തിന് സ്ഥിരമായ പരിക്കുകൾ ഉണ്ടാക്കുന്നതിനും ഒടുവിൽ മരണത്തിലേക്ക് നയിക്കുന്നതിനും കാരണമാകും.
ധമനികളിൽ ഒന്നോ അതിലധികമോ തടസ്സങ്ങൾ രൂപപ്പെടുമ്പോഴാണ് പ്രധാനമായും ഇത്തരം അടിയന്തര സാഹചര്യങ്ങൾ ഉടലെടുക്കുന്നത്. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന മുന്നറിയിപ്പ് ലക്ഷണം എങ്കിലും, എല്ലാവരിലും ഇത് ഒരുപോലെയാകണമെന്നില്ല.
ചിലർക്ക് ശ്വാസംമുട്ടൽ, ഓക്കാനം, അസാധാരണമായ ക്ഷീണം അല്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ അസ്വസ്ഥതകൾ എന്നിവയും അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ സാധാരണ ക്ഷീണമായോ അസിഡിറ്റിയായോ ഒക്കെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.
ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതും വ്യക്തിഗതമായ ആരോഗ്യ അപകടസാധ്യതകൾ മനസ്സിലാക്കുന്നതും കൃത്യസമയത്ത് വൈദ്യസഹായം തേടുന്നതും ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണെന്ന് മുംബൈയിലെ സൈഫി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. നിമിത് ഷാ വ്യക്തമാക്കുന്നു.
ഹൃദയപേശികളിലേക്ക് രക്തമെത്താതിരിക്കുമ്പോൾ ബാധിക്കപ്പെട്ട കലകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.
തടസ്സം നീണ്ടുനിൽക്കുംതോറും ഹൃദയത്തിന് ഗുരുതരമായ പരിക്കുകൾ ഏൽക്കാനുള്ള സാധ്യതയും വർദ്ധിക്കുന്നു. നെഞ്ചിലെ വേദനയോ ഒപ്പം സമ്മർദ്ദമോ അനുഭവപ്പെടുന്നത് ഇതിന്റെ പ്രധാന ലക്ഷണമാണെങ്കിലും, ശ്വാസംമുട്ടൽ, തണുത്ത വിയർപ്പ്, ഓക്കാനം, തലകറക്കം, കൈകൾ, പുറം, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളിലെ അസ്വസ്ഥതകളും ഇതിന്റെ ഭാഗമാകാം.
ഓരോ വ്യക്തിയിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. നെഞ്ചിലെ അസ്വസ്ഥത ചിലപ്പോൾ കടുത്ത വേദനയ്ക്ക് പകരം നെഞ്ചിൽ ഭാരം കയറിവെയ്ക്കുന്നതുപോലെയോ, മുറുകുന്നതുപോലെയോ അല്ലെങ്കിൽ നീറ്റലായും അനുഭവപ്പെടാം.
വയറിന്റെ മുകൾഭാഗത്തെ അസ്വസ്ഥത, പെട്ടെന്നുള്ള ശ്വാസംമുട്ടൽ, കാരണം വ്യക്തമല്ലാത്ത തളർച്ച എന്നിവയെല്ലാം പ്രത്യേക ശ്രദ്ധ അർഹിക്കുന്നവയാണ്. ഇത്തരം ലക്ഷണങ്ങൾ ഒരേസമയം പ്രകടമാവുകയോ വിട്ടുമാറാതെ നിൽക്കുകയോ ചെയ്താൽ, പ്രത്യേകിച്ച് ഹൃദ്രോഗ സാധ്യതയുള്ളവർ ഉടൻ തന്നെ വൈദ്യപരിശോധന തേടേണ്ടതാണ്.

