ജെറുസലേം: ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിൽ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിർണായക പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. അറബ് പാർട്ടികളുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്നും കടുത്ത മത്സരമാണെങ്കിലും തന്റെ പാർട്ടി തന്നെ ഭരണം പിടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഇസ്രയേലി അറബ് പാർട്ടികളുടെ പിന്തുണയോടെ ഒരു നേതാവും ഭരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. വലതുപക്ഷത്തിന്റെ ശക്തമായ ഒരു സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്നും ജൂതരും സയണിസ്റ്റുകളുമായ ഭൂരിപക്ഷം ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള ഭരണമെന്ന ആശ്രയം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അങ്ങനെയൊരു സാഹചര്യം ഉദിക്കുന്നേയില്ലെന്നും ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു. ഇസ്രയേലിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിലാണ് പ്രമുഖ പ്രവചനഫലങ്ങൾ പുറത്തുവന്നത്.
ഏതെങ്കിലും ഒരു മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം എക്സിറ്റ് പോളുകൾ പ്രവചിക്കുന്നില്ല. പ്രധാന ചാനലുകളുടെ സർവേകളിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുദ് പാർട്ടി 27 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സൂചിപ്പിക്കുന്നത്.
എങ്കിലും ഭരണസഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഭരണപക്ഷവും മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നേതൃത്വം നൽകുന്ന പ്രതിപക്ഷവും 51 സീറ്റുകൾ വീതം നേടി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
120 അംഗ നെസെറ്റിൽ (ഇസ്രയേൽ പാർലമെന്റ്) കേവലഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് ആവശ്യം. വോട്ടെണ്ണൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക അന്തിമ ഫലം പുറത്തുവരാൻ കുറഞ്ഞത് 48 മണിക്കൂർ വേണ്ടിവരും.
തൂക്കുസഭ ഉറപ്പായാൽ അറബ് പാർട്ടികളുടെ നിലപാടുകൾ സർക്കാരുണ്ടാക്കുന്നതിൽ നിർണായകമായി മാറും. 2023 ഒക്ടോബർ ഏഴിന് രാജ്യത്തിന് നേരേയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും ഗാഡി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷസഖ്യവും തമ്മിലായിരുന്നു പ്രധാന മത്സരം. ശത്രുക്കൾക്കെതിരെയുള്ള സൈനിക വിജയങ്ങളും നടപടികളുമാണ് ലികുദ് പാർട്ടി പ്രചാരണായുധമാക്കിയത്.
എന്നാൽ ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചകളാണ് പ്രതിപക്ഷം പ്രധാനമായും ചർച്ചയാക്കിയത്. ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദിയാക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നാണ് ഗാഡി ഐസൻകോട്ട് നൽകിയ പ്രധാന വാഗ്ദാനം.
ഇതിനുപുറമെ ഗാസയുടെ ഭാവി, യുവാക്കൾക്കായുള്ള നിർബന്ധിത സൈനിക സേവനം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സജീവമായി ചർച്ച ചെയ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

