ബ്രസീലിയ: ബ്രസീൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവയോട് പരാജയപ്പെട്ടതിന് പിന്നാലെ സെനറ്റർ ഫ്ലാവിയോ ബോൾസൊനാരോ രാജ്യം വിട്ട് അമേരിക്കയിലേക്ക് കടന്നു. ബോൾസൊനാരോയ്ക്കും കുടുംബത്തിനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വിസ അനുവദിക്കുമെന്ന റിപ്പോർട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 24 മണിക്കൂറിനകം പാസ്പോർട്ട് സമർപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിന് പിന്നാലെയാണ് ബോൾസൊനാരോ രാജ്യം വിട്ടത്. ബോൾസൊനാരോയുടെ വൻ സാമ്പത്തിക സ്രോതസ്സുകൾ കണക്കിലെടുത്ത് അദ്ദേഹം രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി പാസ്പോർട്ട് പിടിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നത്.
സമയപരിധി കഴിഞ്ഞതിനെ തുടർന്ന് ബോൾസൊനാരോയുടെ പാസ്പോർട്ടുകൾ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്. ഫ്ലാവിയോ ബോൾസൊനാരോയും കുടുംബവും എവിടെ ആണെന്നതു സംബന്ധിച്ച് വ്യക്തതയില്ല.
ഇവർ മിയാമിയിലോ ഫ്ലോറിഡയിലോ ഉണ്ടെന്ന് കുടുംബത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ചു അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഫ്ലാവിയോയുടെ നടപടി അമേരിക്കയും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബോൾസൊനാരോ കുടുംബത്തെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ യുഎസ് ഗൂഢാലോചന നടത്തുകയാണെന്ന് പ്രസിഡന്റ് ലൂല ആരോപിച്ചിരുന്നു. ഫ്ലാവിയോയുടെ പലായനം നാണംകെട്ടതാണെന്ന് ലൂല പ്രതികരിച്ചു.
നിരപരാധിത്വം തെളിയിക്കാൻ അദ്ദേഹം ബ്രസീലിൽ തന്നെ തുടരേണ്ടതായിരുന്നു എന്ന് ലൂല വ്യക്തമാക്കി. ഫ്ലാവിയോയുടെ പിതാവും മുൻ ബ്രസീൽ പ്രസിഡന്റുമായ ജെയർ ബോൾസനാരോയും 2022ൽ ലൂലയോട് തോറ്റതിന് പിന്നാലെ സമാനമായ രീതിയിൽ അമേരിക്കയിലേക്ക് കടന്നിരുന്നു.
പിന്നീട് ബ്രസീലിൽ തിരിച്ചെത്തിയ ജെയർ ബോൾസനാരോയ്ക്ക് അട്ടിമറിശ്രമത്തിന് 27 വർഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. ഫ്ലാവിയോ ബോൾസൊനാരോയുടെ സെനറ്റ് കാലാവധി ഫെബ്രുവരിയിൽ അവസാനിക്കുന്നതോടെ അദ്ദേഹത്തിന് ലഭിച്ചിരുന്ന നിയമപരമായ പരിരക്ഷയും നഷ്ടമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

