സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രമുഖ ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഓസിയാൻ താലൂക്കിലുള്ള ഇന്ദോൺ കി ധാനി-II ഗ്രാമ പഞ്ചായത്തിൽ സർപഞ്ച് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജ്യോത്സ്യനും ഇൻഫ്ലുവൻസറും യൂട്യൂബറുമാണെന്ന് സ്വയം അവകാശപ്പെടുന്ന ഓംപ്രകാശ് ബിഷ്ണോയി പരാജയപ്പെട്ടത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലടക്കം ആകെ 21 ലക്ഷത്തിലധികം (2.1 മില്യണ്) ഫോളോവേഴ്സ് ഉള്ള ആളാണ് ഇദ്ദേഹം. ഇൻസ്റ്റഗ്രാമിൽ 14 ലക്ഷവും ഫേസ്ബുക്കിൽ 2.32 ലക്ഷവും യൂട്യൂബിൽ 5 ലക്ഷവുമാണ് അദ്ദേഹത്തിനുള്ള ഫോളോവേഴ്സ് സഖ്യ.
എന്നാൽ ഏകദേശം 1600 വോട്ടർമാരുള്ള ഗ്രാമത്തിലെ ജനവിധിയിൽ അദ്ദേഹത്തിന് ആകെ നേടാനായത് വെറും 33 വോട്ടുകൾ മാത്രമാണ്. ഈ അപ്രതീക്ഷിത കനത്ത പരാജയം അദ്ദേഹത്തെ കടുത്ത ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വലിയ തോതിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട നിലവാരം പുലർത്താൻ പോലും സാധിച്ചില്ല.
മത്സര രംഗത്ത് ഓംപ്രകാശ് ബിഷ്ണോയിക്ക് പുറമെ മറ്റ് രണ്ടു സ്ഥാനാർത്ഥികൾ കൂടി ഉണ്ടായിരുന്നു. ഇതിൽ ഒരു കാർ ബിസിനസ്സുകാരനാണ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചത്.
രണ്ടാമത്തെ സ്ഥാനമായി എത്തിയത് ഒരു അധ്യാപകനാണ്. ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക, മൃഗങ്ങളെ സംരക്ഷിക്കുക, ഗ്രാമവാസികൾക്ക് അർഹമായ സർക്കാർ പദ്ധതികളുടെ പ്രയോജനം കൃത്യമായി എത്തിക്കുക എന്നിവയാണ് താൻ ജനങ്ങൾക്ക് മുന്നിൽ വെച്ച പ്രധാന വാഗ്ദാനങ്ങളെന്ന് ഓംപ്രകാശ് ബിഷ്ണോയി വ്യക്തമാക്കി.
തന്നെ മത്സരത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത് നാട്ടുകാരാണ്. വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാം, നിങ്ങൾ എന്തായാലും മത്സര രംഗത്തിറങ്ങണം എന്നാണ് ഗ്രാമീണർ തന്നോട് പറഞ്ഞതെന്നും അവർ തന്നെ പൂർണ്ണമായി പിന്തുണയ്ക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് വെറും 33 വോട്ടുകൾ മാത്രമാണ്. ആകെ ലഭിച്ച 33 വോട്ടുകളിൽ 11 എണ്ണം സ്വന്തം കുടുംബത്തിൽ നിന്ന് ലഭിച്ചതാണെന്നും, ഗ്രാമത്തിൽ 10 വോട്ടുകൾ നോട്ടയ്ക്കും ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും ഈ തോൽവിയിൽ തളർന്നുപോകാൻ അദ്ദേഹം തയ്യാറല്ല. ജീവിതത്തിൽ ആദ്യമായി ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലൂടെ വോട്ടർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചതായി അദ്ദേഹം പ്രതികരിച്ചു.
താൻ മത്സര രംഗത്തുനിന്നും പിന്മാറില്ലെന്നും ഗ്രാമീണരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി തുടർന്നും ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

