ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ആന്ത്രോപിക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക രേഖകൾ കമ്പനി റഗുലേറ്ററി അതോറിറ്റിക്കു സമർപ്പിച്ചു.
അടുത്ത മാസം വോൾസ്ട്രീറ്റിൽ കമ്പനി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് അപേക്ഷാ രേഖകൾ വ്യക്തമാക്കുന്നത്. ഡാരിയോ അമോഡയുടെ നേതൃത്വത്തിലുള്ള കമ്പനി ഏകദേശം 10,000 കോടി ഡോളറാണ് ഇതിലൂടെ സമാഹരിക്കുക.
ഇലോൺ മസ്കിന്റെ സ്പേസ്എക്സ് അടുത്തിടെ ഐപിഒ നടത്തി 8600 കോടി ഡോളർ സമാഹരിച്ചിരുന്നു. എഐ ഗവേഷണം കൈവിട്ടു പോകുമെന്ന ആശങ്കയെത്തുടർന്ന് എതിരാളിയായ ഓപ്പൺഎഐ അടുത്ത വർഷം നടത്താനിരുന്ന ഐപിഒ മാറ്റിവച്ച സാഹചര്യത്തിലാണ് ആന്ത്രോപിക്കിന്റെ ഈ സുപ്രധാന നീക്കം.
ഇതോടെ ലക്ഷം കോടി ഡോളർ വിപണി മൂല്യമുള്ള കമ്പനികളുടെ ട്രില്യൻ ഡോളർ നിരയിലേക്ക് ആന്ത്രോപിക്കും എത്തുകയാണ്. ഐപിഒയ്ക്ക് മുൻപ് ട്രില്യൻ ഡോളർ മൂല്യം കണക്കാക്കുന്ന മൂന്നാമത്തെ കമ്പനിയെന്ന പ്രത്യേകതയും ഇതിനുണ്ട്.
നേരത്തെ സൗദി അരാംകോ, സ്പേസ് എക്സ് എന്നീ സ്ഥാപനങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ജൂണിൽ റെക്കോർഡ് തുകയായ 86 ബില്യൻ ഡോളർ കമ്പനി സമാഹരിച്ചിരുന്നു.
വിപണിമൂല്യത്തിൽ ഓപ്പൺഎഐയെക്കാൾ മുന്നിലെത്താൻ ഈ ഐപിഒ ആന്ത്രോപിക്കിനെ സഹായിച്ചേക്കും. ANT എന്ന ടിക്കർ സിംബലിലായിരിക്കും നാസ്ഡാക്കിൽ ഓഹരികൾ ലിസ്റ്റ് ചെയ്യുക.
എന്നാൽ വരുമാനം വർധിക്കുന്നുണ്ടെങ്കിലും ഇതുവരെയും ലാഭത്തിലെത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ ഐടി മേഖലയ്ക്ക് തിരിച്ചടി ആന്ത്രോപിക്കിന്റെ ഐപിഒ പ്രഖ്യാപനം ഇന്ത്യൻ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.
നിഫ്റ്റി ഐടി സൂചിക ഒന്നര ശതമാനത്തോളം ഇടിഞ്ഞു. അവസാന നിമിഷത്തിൽ തിരിച്ചു കയറിയ സൂചിക 0.89 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രധാന ഐടി ഓഹരികൾക്കും വലിയ തോതിൽ ഇടിവു നേരിട്ടു. ഇൻഫോസിസ് 0.26 ശതമാനവും ടിസിഎസ് 1.5 ശതമാനവും എച്ച്സിഎൽ ടെക് 0.14 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, ആന്ത്രോപിക് ഐപിഒ പ്രഖ്യാപനം ദക്ഷിണ കൊറിയ, ജപ്പാൻ ഓഹരി വിപണികൾക്ക് വലിയ ഉണർവായി മാറി. ദക്ഷിണ കൊറിയൻ കോസ്പ് സൂചിക 3 ശതമാനവും ജപ്പാനിലെ നിക്കെയ് സൂചിക 1.73 ശതമാനവും നേട്ടമുണ്ടാക്കി.
ചിപ്പ് നിർമാണ കമ്പനികളായ എസ്കെ ഹൈനിക്സ്, സാംസങ് എന്നിവയുടെ ഓഹരികൾ നാലു ശതമാനം വീതം കുതിച്ചുയർന്നു. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് 5 ശതമാനമാണ് നേട്ടം കൈവരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

