ടാറ്റ സൺസ് തലപ്പത്തെ അധികാര വടംവലി കൂടുതൽ സങ്കീർണ്ണമാകുന്നു. ടാറ്റ സൺസ് ചെയർമാൻ പദവിയിലേക്ക് എൻ.
ചന്ദ്രശേഖരനെ മൂന്നാമതും തിരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്ത് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ രംഗത്തെത്തി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ടാറ്റ സൺസിന് പ്രത്യേക ഇളവുകളൊന്നും നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് നിലപാട് ആവർത്തിച്ചതിന് പിന്നാലെയാണ് ഈ നിർണായക നീക്കം.
കഴിഞ്ഞ സെപ്റ്റംബർ 17ന് ചേർന്ന ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗത്തിന്റെ പൂർണ്ണ വിവരങ്ങൾ ആവശ്യപ്പെട്ട് കമ്പനി സെക്രട്ടറി സുപ്രകാശ് മുഖോപാധ്യയ്ക്ക് നോയൽ ടാറ്റ ഔദ്യോഗികമായി കത്തയച്ചു. എൻ.
ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് ചെയർമാൻ പദവി നൽകിയ തീരുമാനം ടാറ്റയുടെ ഭരണഘടന പ്രകാരം നിയമപരമല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അടുത്തിടെ ചെയർമാൻ സ്ഥാനത്തു തുടരാനില്ലെന്ന് ചന്ദ്ര അറിയിച്ചിരുന്നു.
നോയലുമായുള്ള ഭിന്നതയ്ക്ക് പിന്നാലെയായിരുന്നു ഈ തീരുമാനം. ടാറ്റ സൺസിനെ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം.
ഭരണഘടനയിലെ ‘ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ഓഫ് റീഅപ്പോയ്മെന്റ്’ വകുപ്പ് 118 പ്രകാരം പുതിയ ചെയർമാനെ കണ്ടെത്താൻ പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. എന്നാൽ ഇതുവരെയും അത്തരമൊരു സമിതിയെ നിയോഗിച്ചിട്ടില്ല.
ഈ സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ കഴിഞ്ഞ ഓഗസ്റ്റ് 13 മുതൽ ടാറ്റ സൺസിന്റെ പരിഗണനയിലുണ്ട്. ഇത് മറികടന്നാണ് ചന്ദ്രശേഖരന് വീണ്ടും നിയമനം നൽകിയതെന്നും, ഡയറക്ടർ ബോർഡിന്റെ പൂർണ്ണ അനുമതിയും മതിയായ വോട്ടിങ്ങും ഈ തീരുമാനത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
കൂടാതെ, എൻ. ചന്ദ്രശേഖരന്റെ കുടുംബവും ടിവിഎസ് ഗ്രൂപ്പും തമ്മിലുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് വ്യക്തത വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ടാറ്റ സൺസ് ഡയറക്ടർമാരിൽ ഒരാളായ വേണു ശ്രീനിവാസന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ് ടിവിഎസ്. ചന്ദ്രശേഖരന്റെ ഭാര്യ ലളിത, മകൻ പ്രണവ് എന്നിവർ ഡയറക്ടർമാരായ ‘ഹനോ വൺ വെയർ ഹൗസിങ്’ കമ്പനിയുമായി അടുത്തിടെ ടിവിഎസ് മോട്ടോർ വ്യാപാര കരാറിലെത്തിയിരുന്നു.
ടിവിഎസ് ഗ്രൂപ്പിനു വേണ്ടി തമിഴ്നാട്ടിൽ വെയർഹൗസും കർണാടകയിൽ വ്യവസായ പാർക്കും നിർമിക്കാൻ 436 കോടി രൂപയുടെ കരാറാണ് ഹനോയ്ക്ക് ലഭിച്ചത്. ഡയറക്ടർ ബോർഡ് യോഗത്തിൽ ഈ വിവരം വെളിപ്പെടുത്താത്തത് ‘കോൺഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ്’ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് നോയൽ ടാറ്റ ഉന്നയിക്കുന്ന പ്രധാന വിമർശനം.
ഈ ബിസിനസ് ബന്ധങ്ങൾ മറച്ചുവെച്ചാണോ ബോർഡ് പുനർനിയമനം അംഗീകരിച്ചതെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പുതിയ കത്തിലൂടെ പരസ്യമായതോടെ കോർപ്പറേറ്റ് ലോകം വലിയ ആകാംക്ഷയോടെയാണ് സംഭവങ്ങളെ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

