മദ്യപിച്ചു വാഹനം ഓടിക്കുന്നതിനെതിരെ നവമാധ്യമത്തിൽ സന്ദേശം പങ്കുവെച്ച് ഒരു മണിക്കൂർ തികയും മുൻപ് അധ്യാപകൻ റോഡപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീൻ (36) ആണ് ദാരുണമായി മരണപ്പെട്ടത്.
ഇന്നലെ രാത്രി പത്ത് മണിയോടെ ഒതുക്കുങ്ങലിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മേലേക്ക് അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മദ്യലഹരിയിൽ അതിവേഗത്തിൽ വാഹനം ഓടിച്ച പറപ്പൂർ സ്വദേശി അക്ബറലി ആണ് ഈ അപകടം ഉണ്ടാക്കിയത്.
കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയുണ്ടായി. പ്രതിയായ അക്ബറലിയെ വേങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ഷറഫുദ്ദീൻ തന്റെ വാട്സാപ്പ് സ്റ്റേറ്റസിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെയായിരുന്നു: ‘കേരളത്തിൽ ഒരു ദിവസം 15 പേരാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. ഇതിൽ പകുതിയിലേറെയും വെറും അപകടങ്ങൾ അല്ല, കൊലപാതകങ്ങളാണ്.
മദ്യപിച്ച് വാഹനം ഓടിച്ചാൽ അപകടം ഉണ്ടാകുമെന്ന് അറിയാവുന്നവരാണ് ആളെ കൊല്ലുന്നത്’.

