കാമുകനുമായി വിഡിയോ കോളിൽ ദീർഘനേരം സംസാരിച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കി. ഹൈദരാബാദിൽ ഇന്നലെ രാവിലെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
ഉത്തർപ്രദേശ് സ്വദേശിനിയും ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനീയറുമായി ജോലി ചെയ്തുവരികയായിരുന്ന അർച്ചന ചൗധരിയെയാണ് (29) അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തരാഖണ്ഡ് സ്വദേശിയും സഹപ്രവർത്തകനുമായ യുവാവുമായി നാലു വർഷമായി അർച്ചന പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുലർച്ചെ അർച്ചന യുവാവിനെ വിഡിയോ കോൾ ചെയ്തിരുന്നുവെന്നും, ഇതിനു പിന്നാലെയാണ് അത്യാഹിതം സംഭവിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ‘‘പുലർച്ചെ രണ്ടരയ്ക്ക് യുവാവിനെ അർച്ചന വിഡിയോ കോളിൽ വിളിച്ചു.
ആ സമയത്ത് യുവാവ് അമ്മയുമൊത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. വിഡിയോ കോളിനിടെ മുറിയിലെ ഫാനിൽ ഷാൾ കുരുക്ക് കെട്ടിയിട്ടിരിക്കുന്നത് അർച്ചന കാണിച്ചു കൊടുത്തു.
തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നും ഭീഷണിപ്പെടുത്തി’’ എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇക്കാര്യം പിടിഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
തുടർന്ന് പുലർച്ചെ അഞ്ചരയോടെ യുവാവ് അർച്ചനയുടെ ഫ്ലാറ്റിൽ നേരിട്ടെത്തുകയായിരുന്നു. എന്നാൽ വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ ഇയാൾ ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

