കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബൈപാസ് പ്രദേശത്ത് തണ്ണീർത്തടങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നതായി വ്യാപക പരാതി. നിയമവിരുദ്ധമായി നടക്കുന്ന ഈ കയ്യേറ്റത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്.
അനുമതി ലഭിച്ച സ്ഥലങ്ങളുടെ മറവിലാണ് അനുമതിയില്ലാത്ത തണ്ണീർത്തടങ്ങളും ഏക്കർ കണക്കിന് ഭൂമിയും മാഫിയ സംഘങ്ങൾ രാത്രിയുടെ മറവിൽ നികത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിലുള്ള നികത്തൽ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.
കഴിഞ്ഞ 2023-ൽ ആണ് കാലങ്ങളായി തരിശുകിടന്ന വയൽ പ്രദേശങ്ങളിലൂടെ പേരാമ്പ്ര ബൈപാസ് നിർമാണം പൂർത്തിയായത്. റോഡ് യാഥാർത്ഥ്യമായതോടെ ഭൂമിയുടെ വില കുത്തനെ ഉയരുകയും, ഇത് മുതലെടുത്ത് തണ്ണീർത്തടങ്ങൾ പോലും മണ്ണിട്ട് നികത്തി വിൽപന നടത്തുന്ന സംഘങ്ങൾ സജീവമാവുകയും ചെയ്തു.
റോഡിന് ഇരുവശങ്ങളിലുമായി നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാർ ഇതിനോടകം തന്നെ പഞ്ചായത്തിലും റവന്യു അധികാരികൾക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. രാത്രിയുടെ മറവിൽ നികത്തുന്ന ഭൂമി പുറത്തറിയാതിരിക്കാൻ റോഡരികിൽ മറകൾ സ്ഥാപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഞ്ഞാണ്യം വില്ലേജ് ഓഫിസർമാരുമായി അടിയന്തര ചർച്ചകൾ നടത്തി. രാത്രികാലങ്ങളിൽ നടക്കുന്ന അനധികൃത നികത്തലുകൾ കർശനമായി തടയാൻ റവന്യു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പെർമിറ്റില്ലാതെ നികത്തിയ മുഴുവൻ സ്ഥലങ്ങൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് റവന്യു അധികാരികൾ ഉറപ്പ് നൽകിയിട്ടുണ്ട്. ചർച്ചയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുങ്കര ഇബ്രാഹിം, സെക്രട്ടറി ആർ.ജെ.അബ്ദുല്ല മിഥിലാജ്, ആർ.കെ.രജീഷ് കുമാർ, വി.കെ.നാസിദ, കെ.എം.ശ്രീനിവാസൻ, കെ.പി.യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു.
വരും ദിവസങ്ങളിൽ വില്ലേജ് ഓഫിസർ സ്ഥലം നേരിട്ട് പരിശോധിച്ച് തഹസിൽദാർക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. അതേസമയം, റവന്യു ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലെയും വ്യാപകമായ മണ്ണിട്ട് നികത്തൽ നടക്കുന്നതെന്ന് ബിജെപി മേഖല ജനറൽ സെക്രട്ടറി എം.മോഹനൻ ആരോപിച്ചു.
പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിവന്ന ഭരണസമിതികളുടെ അലംഭാവമാണ് ഇത്തരം മാഫിയകൾക്ക് തുണയാകുന്നത്.
അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ലാ സെക്രട്ടറിമാരായ കെ.കെ.രജീഷ്, തറമ്മൽ രാഗേഷ്, മണ്ഡലം പ്രസിഡന്റ് ഡി.കെ.മനു, പേരാമ്പ്ര പഞ്ചായത്ത് മെംബർ ബിനു നാഗത്ത്, ജൂബിൻ ബാലകൃഷ്ണൻ, കെ.കെ.സജീവൻ, കെ.എം.ധനേഷ്, കെ.എം.ബാലകൃഷ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

