പത്തനംതിട്ട മൈലപ്ര റോഡിലുള്ള ശബരിമല ഇടത്താവളത്തിൽ വിപണന മേളയ്ക്കായി സ്ഥാപിച്ച ഷെഡ്ഡുകളും താൽക്കാലിക നിർമിതികളും പൊളിച്ച് മാറ്റുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ചു.
മേള നടത്തിയ ഉടമയുടെ ഉത്തരവാദിത്തത്തിലാണ് നിലവിൽ ഇവ നീക്കം ചെയ്യുന്നത്. ശബരിമല മണ്ഡലകാലം അടുത്തുവരുന്ന സാഹചര്യത്തിൽ തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ നഗരസഭയ്ക്ക് ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്.
ഇതിനായുള്ള പ്രവർത്തനങ്ങൾ ഇന്നു മുതൽ ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ സിന്ധു അനിൽ വ്യക്തമാക്കി. ഈ പ്രദേശത്ത് ഷെഡ്ഡുകളും താൽക്കാലിക നിർമിതികളും നാളുകളായി നിലനിന്നിരുന്നത് നഗരസഭയുടെ മുന്നൊരുക്കങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു.
കഴിഞ്ഞ മാർച്ച് മുതൽ മേയ് 10 വരെയാണ് മേളയ്ക്ക് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരുന്നത്. പിന്നീട് മേള നടത്തിപ്പുകാരുടെ പ്രത്യേക അപേക്ഷയെ തുടർന്ന് കരാർ ജൂലൈ വരെ നീട്ടി നൽകുകയായിരുന്നു.
എന്നാൽ വാടക കുടിശിക വർധിച്ചതിനെ തുടർന്ന്, ഈ തുക പൂർണ്ണമായി അടച്ച ശേഷം ഷെഡ്ഡുകളും മറ്റ് നിർമിതികളും നീക്കം ചെയ്യണമെന്ന് നഗരസഭ കർശന നിർദ്ദേശം നൽകിയിരുന്നു. ഈ നടപടികൾ വൈകിയതിനെ തുടർന്ന് ഇവ ലേലം ചെയ്യുന്നതിനുള്ള ശ്രമങ്ങളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായി.
8 ലക്ഷം രൂപയാണ് ഇതിനായി അടിസ്ഥാന മൂല്യമായി കണക്കാക്കിയിരുന്നത്. തുടർന്ന് ലേലം 9.46 ലക്ഷം രൂപ വരെ എത്തിച്ചേർന്നു.
എന്നാൽ ഈ തുക ഔദ്യോഗികമായി ഉറപ്പിക്കുന്നതിനുള്ള നടപടികൾ നടക്കുന്നതിനിടയിൽ കോടതിയുടെ നിർദേശം ലഭ്യമായി. നിർമിതികൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ഉടമ തന്നെ നേരിട്ട് സ്വീകരിക്കുമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ലേലവുമായി ബന്ധപ്പെട്ട
തുടർപ്രവർത്തനങ്ങൾ അധികൃതർ നിർത്തിവെയ്ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മൈലപ്രയിലെ ഷെഡ്ഡുകളും താൽക്കാലിക നിർമിതികളും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത്.
നഗരസഭാ ചെയർപഴ്സൻ സിന്ധു അനിൽ, കൗൺസിൽ അംഗങ്ങളായ എ.സുരേഷ് കുമാർ, ഏബൽ മാത്യു, നെജിം രാജൻ, ജോയമ്മ സൈമൺ എന്നിവരും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾക്ക് മേൽനോട്ടം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

