കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് വീണ്ടും ജാമ്യം അനുവദിച്ചു. ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് നടപടി.
കുടുംബാംഗങ്ങളും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് പോലീസ് നടപടിയിലേക്ക് കടന്നത്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ പിന്നീട് വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കുകയായിരുന്നു.
എന്നാൽ കോടതിയുടെ ഈ ജാമ്യതീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി മരിച്ചയാളുടെ കുടുംബം രംഗത്തെത്തി. ഇതിനുമുന്നേ, സ്റ്റേഷന് മുന്നിൽ കുടുംബം നടത്തിയ പ്രതിഷേധത്തിനിടയിൽ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞുവീണിരുന്നു.
ഉടൻതന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചതിനെതിരെ മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനിടയിലാണ് ഈ സംഭവം.
അതിനിടെ, അപകടത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേസിൽ പ്രതിയായ 17കാരൻ ഓടിച്ച കാർ അതിഭയങ്കര വേഗതയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഏകദേശം 104 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ വേഗതയുടെ ദൃശ്യങ്ങൾ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അമിതവേഗതയ്ക്കും പ്രതിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 181, 183 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരണപ്പെട്ടത്.
അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ഞായറാഴ്ച വൈകിട്ടോടെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഈ നടപടി വലിയ ജനരോഷത്തിന് കാരണമായി.
തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര നടപടി സ്വീകരിക്കാൻ കർശന നിർദ്ദേശം നൽകി. അപകടത്തിൽ നിയമപരമായി ലഭിക്കേണ്ട
എല്ലാ ശിക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി പ്രസ്താവന നടത്തി മണിക്കൂറുകൾ പിന്നിടുമ്പോഴാണ് പ്രതിക്ക് വീണ്ടും ജാമ്യം ലഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

