കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരനെതിരെ വീണ്ടും കർശന നടപടികളുമായി പൊലീസ് രംഗത്ത്. കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് പോലീസ് അടിയന്തര നടപടികളിലേക്ക് കടന്നത്.
മുൻപ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച 17കാരനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. മുതിർന്നവരുടെ അറസ്റ്റിന് തുല്യമായ പ്രക്രിയയാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
പ്രതിയെ ഉടൻ തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. പ്രതിയെ അപ്രിഹെൻഡ് ചെയ്തില്ലെങ്കിൽ സ്റ്റേഷന് മുന്നിൽ നിന്ന് പിന്തില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.
അർദ്ധരാത്രിയിലും പ്രതിഷേധം ശക്തമായി തുടരുമെന്ന് കണ്ടതോടെയാണ് പോലീസ് അതിവേഗ നടപടികളിലേക്ക് നീങ്ങിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രമേ സ്റ്റേഷന് മുന്നിൽ നിന്ന് പിരിഞ്ഞുപോവുകയുള്ളൂവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
കൂടാതെ, വാഹന ഉടമയ്ക്കെതിരെയും കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, പ്രതിയായ 17 കാരന് ജാമ്യം നൽകി വിട്ടയച്ചതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ തളർന്നുവീണിരുന്നു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലാണ് സംഭവം.
ഇതിനിടെ വാഹനാപകടം സംബന്ധിച്ച നിർണായക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസിൽ പ്രതിയായ 17കാരൻ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
104 കിലോമീറ്റർ വേഗതയിലാണ് കാർ ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ വേഗതയുടെ ദൃശ്യങ്ങൾ 17കാരന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതിക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ടിലെ 181, 183 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗത്തിൽ വാഹനം ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരണപ്പെട്ടത്. അപകടത്തിന് പിന്നാലെ 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

