കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്റെ കുടുംബം പ്രതിയായ 17 കാരന് ജാമ്യം ലഭിച്ചതിനെ തുടർന്ന് പ്രതിഷേധം കടുപ്പിച്ചു. അപകടത്തിന് കാരണക്കാരനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് മകളടക്കമുള്ള കുടുംബാംഗങ്ങൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചു.
പ്രതിയായ കുട്ടിയുടെ പിതാവായ ജഡ്ജിക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. അപകടത്തിന് പിന്നാലെ ജഡ്ജി തങ്ങളോട് ധാർഷ്ട്യത്തോടെ പെരുമാറിയെന്നും ചോദ്യം ചെയ്യാൻ വരേണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ജഡ്ജിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും നേരത്തെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
ജഡ്ജിയുടെ സ്വാധീനഫലമായാണ് പ്രതിക്ക് എളുപ്പത്തിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചതെന്നാണ് പ്രധാന ആരോപണം. അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം അനുവദിച്ച സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തി.
വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡി.ജി.പിക്ക് അദ്ദേഹം നിർദ്ദേശം നൽകി. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി പി.
വിജയൻ നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്.
പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെ, കാറോടിച്ച 17 കാരനെതിരെ മനഃപൂർവമുള്ള നരഹത്യയ്ക്ക് (BNS 105) കേസെടുക്കാൻ തീരുമാനമായി. ആദ്യം അശ്രദ്ധമൂലമുള്ള മരണത്തിനാണ് (BNS 106, 1) കേസെടുത്തിരുന്നത്.
കൂടാതെ, കാറിന്റെ ഉടമയും കുട്ടിയുടെ പിതാവുമായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരേയും നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന. വാഹന ഉടമയായ ജഡ്ജിക്കെതിരെ മോട്ടോർ വെഹിക്കിൾ നിയമപ്രകാരവും ബി.എൻ.എസ് വ്യവസ്ഥകൾ പ്രകാരവും കുറ്റങ്ങൾ ചുമത്താനാണ് നീക്കം.
ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്ന് എ.ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

