കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ കുടുംബം നടത്തിവന്ന പ്രതിഷേധത്തിനിടയിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ തളർന്നു വീണു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബാംഗങ്ങൾ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടയിലാണ് സംഭവം ഉണ്ടായത്.
അതിനിടെ, അപകടം സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നു. പ്രതിയായ 17 കാരൻ ഓടിച്ച വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതിവേഗതയുടെ ദൃശ്യങ്ങൾ കമ്മ്യൂണിക്കേഷൻ ഡിവൈസിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും അമിതവേഗതയ്ക്കും പ്രതിക്കെതിരെ 181, 183 മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. രാത്രി വൈകിയും സ്റ്റേഷന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.
വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ഇതിനോടകം സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത 17 കാരന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും അമർഷത്തിന് കാരണം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവായ ജഡ്ജിക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
അപകടസ്ഥലത്ത് വെച്ച് ജഡ്ജി മോശമായി പെരുമാറിയെന്നും തങ്ങളെ ചോദ്യം ചെയ്യേണ്ടെന്ന മട്ടിൽ സംസാരിച്ചെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. ജഡ്ജിയുടെ സ്വാധീനഫലമായാണ് പ്രതിക്ക് എളുപ്പത്തിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചതെന്നാണ് പ്രധാന ആക്ഷേപം.
വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ സ്റ്റേഷനിലേക്ക് മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ (55) മരണപ്പെട്ടത്.
അപകടത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ഞായറാഴ്ച വൈകിട്ടോടെയാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഈ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

