പത്തനംതിട്ട ജില്ലയിൽ നിന്നും പുറത്തുവരുന്ന ഗൗരവമേറിയ വാർത്തയ്ക്ക് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി.
യുവതിയെ ഗർഭിണിയാക്കിയ ശേഷം വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറിയെന്ന ഗുരുതരമായ പരാതിയിലാണ് ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട
ഡിസിആർബി (ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ) സിഐയായ ടി കെ വിനോദ് കൃഷ്ണയെയാണ് ഐജി സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. പത്തനംതിട്ടയിൽ ടി കെ വിനോദ് കൃഷ്ണ ജോലി ചെയ്തിരുന്ന കാലത്ത് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന 28-കാരിയായ യുവതിയാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ ഉദ്യോഗസ്ഥൻ യുവതിയെ ഒപ്പം കൂട്ടുകയും ചെയ്തു. തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന യുവതിയെ ഒപ്പം താമസിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്ക് നടത്തിയ യാത്രയിലും ഇയാൾ യുവതിയെ കൂടെക്കൂട്ടിയത് സഹപ്രവർത്തകർക്കിടയിൽ സംശയത്തിന് ഇടയാക്കി. തുടർന്ന് ഈ വിവരം ഉദ്യോഗസ്ഥന്റെ ഭാര്യയും ബന്ധുക്കളും അറിയുകയായിരുന്നു.
ഇതിനിടയിൽ യുവതി ഗർഭിണിയാകുകയും, ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഇയാൾ ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഈ വാഗ്ദാനത്തിൽ നിന്ന് ഉദ്യോഗസ്ഥൻ പിന്നോക്കം പോയതോടെയാണ് യുവതി ജില്ലാ പൊലീസ് മേധാവിയെ (എസ്പി) നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചത്.
സംഭവത്തിൽ എസ്പി പ്രാഥമിക അന്വേഷണം നടത്തി ഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടി കെ വിനോദ് കൃഷ്ണയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അതേസമയം, ഉദ്യോഗസ്ഥനെതിരെ നിലവിൽ ക്രിമിനൽ കേസെടുക്കേണ്ടതില്ലെന്നാണ് പരാതിക്കാരിയായ യുവതിയുടെ നിലപാട്.
ഈ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് നിയമപരമായി പരിശോധിച്ചു വരികയാണ്.
സർവീസിൽ നിന്നും വിരമിക്കാൻ ഇനി രണ്ട് വർഷം മാത്രം ബാക്കിനിൽക്കെയാണ് സിഐക്ക് ഈ അച്ചടക്ക നടപടി നേരിടേണ്ടി വന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

